
കൊച്ചി : ഗള്‍ഫ് മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖല ഇപ്പോള്‍ ആശങ്കയിലാണ്. ഗള്‍ഫിലെ ഏത് ചലനവും ആദ്യം ബാധിക്കുന്നത് കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെയാണ്. ചെറുകിട സ്ഥലക്കച്ചവടം മുതല്‍ വന്‍കിട ഫ്‌ളാറ്റ് നിര്‍മാണംവരെ മുഖ്യമായി ആശ്രയിക്കുന്നത് ഗള്‍ഫ് വരുമാനത്തെയാണ് എന്നതാണ് . കേരളത്തിലേയ്ക്ക് ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞാല്‍ അത് ഏറ്റവും അധികം പ്രതിഫലിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. ഇക്കാരണത്താല്‍ തന്നെ പണി തീര്‍ന്ന ഫ്‌ളാറ്റുകള്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ചെലതാകട്ടെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചമട്ടാണ്.
ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഈ മേഖലയ്ക്ക് അല്‍പം ആശങ്ക പകരുന്നതാണ്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കില്‍ കുറവ് വന്നു എന്നാണ് വെളിപ്പെടുത്തല്‍. 2016-2017 സാമ്പത്തികവര്‍ഷം 60 ബില്യണ്‍ ഡോളറില്‍ താഴെയാണ് വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേയ്ക്ക് അയച്ചത്. കൃത്യമായി പറഞ്ഞാല്‍ 59.1 ബില്യണ്‍ ഡോളര്‍. 2010-11 സാമ്പത്തികവര്‍ഷത്തിനുശേഷമുള്ള ഏറ്റവുംകുറഞ്ഞ നിരക്കാണിത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 6.8 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 2015-16 സാമ്പത്തികവര്‍ഷത്തിലും 5.8 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 63.4 ബില്യണ്‍ ഡോളറാണ് വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത്.
ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസി പണത്തിന്റെ സിംഹഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. 2015ല്‍ എണ്ണവില കുറഞ്ഞതും സ്വദേശിവത്ക്കരണവും ചില ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രതിസന്ധിയുമാണ് പണമൊഴുക്ക് കുറയാന്‍ കാരണമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഇതുകാരണം 2015-16ല്‍ ഗള്‍ഫില്‍നിന്നുള്ള വരവില്‍ 14.6 ശതമാനത്തിന്റെ കുറവാണുണ്ടായത്. ആ സാമ്പത്തികവര്‍ഷം ഗള്‍ഫില്‍നിന്ന് മാത്രം പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് 37.7 ബില്യന്‍ ഡോളറായിരുന്നു.
ഖത്തറിലെ പ്രതിസന്ധിയും ഇന്ത്യയിലേയ്ക്ക് പണം അയക്കുന്നതില്‍ കുറവ് വരാന്‍ കാരണമായതായി ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments