ന്യൂഡൽഹി: പുതിയ ദൗത്യവുമായി പ്രമുഖ ശാസ്ത്രജ്ഞൻ കെ. കസ്തൂരിരംഗൻ വീണ്ടും. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തിമരൂപം തയാറാക്കുന്നതിനു കസ്തൂരിരംഗന്റെ അധ്യക്ഷതയിൽ പുതിയ സമിതി രൂപീകരിച്ചു. നിലവിലെ ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള കരടു റിപ്പോർട്ട് നിരവധി വിവാദങ്ങൾക്കാണ് വഴിതെളിയിച്ചത്. കരടുനയത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടിവരുമായിരുന്നു. വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകളാണ് കരടു റിപ്പോർട്ട് നടപ്പാക്കിയാൽ ഭേദഗതി ചെയ്യേണ്ടിവരിക. ഇതാണ് വിവാദങ്ങൾക്ക് ഇടം നൽകിയത്. അതാണ് പുതിയസമിതിക്കു രൂപം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു കാരണം.
കേരളത്തിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനവും സമിതിയിൽ അംഗമാണ്. മുംബൈ എസ്എൻഡിടി സർവകലാശാലാ വൈസ് ചാൻസലർ വസുധ കാമത്ത്, പ്രിൻസ്റ്റണ് സർവകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകൻ മഞ്ജുൾ ഭാർഗവ, ബാബ സാഹേബ് അംബേദ്കർ സർവകലാശാലാ വൈസ് ചാൻസലർ രാം ശങ്കർ കുരീൽ, അമർകാന്തക് ട്രൈബൽ സർവകലാശാലാ വൈസ് ചാൻസലർ ടി.വി. കട്ടമണി, ഗോഹട്ടി സർവകലാശാലയിലെ പേർഷ്യൻ അധ്യാപകൻ മഹ്സർ ആസിഫ്, കെ.എം. ത്രിപാഠി, സിഎബിആ അംഗം എം.കെ. ശ്രീധർ എന്നിവരാണു കസ്തൂരിരംഗൻ സമിതിയിലെ മറ്റംഗങ്ങൾ.
മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കരട് റിപ്പോർട്ടിനു രൂപം നൽകിയത്. കഴിഞ്ഞ വർഷം മേയ് 27നാണു സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
ആദ്യസമിതിയുടെ റിപ്പോർട്ട് പ്രകാരം സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ സംവിധാനങ്ങൾക്ക് മാറ്റം നിർദേശിക്കുന്നു. പത്താം ക്ലാസ് വിദ്യാർഥികൾക്കു രണ്ടു ഘട്ടങ്ങളിലായി ബോർഡ് പരീക്ഷ, പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്കു കോളജ് പ്രവേശനത്തിനു ദേശീയതലത്തിൽ പ്രത്യേക പരീക്ഷ വേണം. യുജിസിക്കു ബദൽസംവിധാനം വേണമെന്നും സമിതി നിർദേശിച്ചിരുന്നു
Post Your Comments