തിരുവനന്തപുരം: സംസ്ഥാനത്ത് പനിയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് പറയുമ്പോഴും പനിയ്ക്കും, പനിമരണത്തിനും ശമനമില്ല. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പനി മൂലം മരണപ്പെട്ടത് 281 പേരാണ്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ കയ്യിലുള്ള രേഖകള്‍ പ്രകാരം ഇത് 241 പേര്‍ മാത്രം. ഇന്നലെ പനി ബാധിച്ച് മരിച്ചത് 6 പേരാണ്. ഇന്നും ഒരാള്‍ മരിച്ചു. സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും, ആശുപത്രികളിലെ അടിയന്തര വൈദ്യ സഹായവും മറ്റും ഊര്‍ജിതമാക്കുന്നില്ല എന്നതാണ് സത്യം. ഡെങ്കിപ്പനിയും, ബ്രോങ്കയ്റ്റിസ് ന്യുമോണിയയും മറ്റും ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് വേണ്ട ചികിത്സ ലഭിക്കുന്നില്ല എന്നും ആരോപണമുണ്ട്.
ദിനംപ്രതി പനിമരണം തുടര്‍ക്കഥയാകുമ്പോള്‍ അത് തടയാന്‍ ആവശ്യമായ നടപടികളെക്കുറിച്ച് ആരോഗ്യ വകുപ്പോ, ബന്ധപ്പെട്ടവരോ പറയുന്നില്ല. ഡ്രൈഡേ ആചരിക്കുന്നതും മറ്റും പനി പ്രതിരോധിക്കാന്‍ ഒരു പരിധിവരെ തടയുന്നുണ്ടെങ്കിലും, പനി ബാധിച്ച് അത്യാസന്ന നിലയില്‍ എത്തുന്നവരെ ഏത് തരത്തില്‍ പരിപാലിക്കണം എന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും അപ്രാപ്യമാണ്. ഇന്നലെ 118 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രികള്‍ കൂടി കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഡെങ്കിപ്പനി ബാധിച്ച് 89 പേരാണ് മരിച്ചത്. എച്ച്1എന്‍1 ബാധിച്ച് 64 പേരും, എലിപ്പനി ബാധിച്ച് 44 പേരും മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചതാകട്ടെ 50 പേരാണ്. ആറ് മാസത്തിനുള്ളില്‍ പനി ചികിത്സ തേടിയവരുടെ എണ്ണമാകട്ടെ 13.5 ലക്ഷം കവിഞ്ഞു.
Post Your Comments