Latest NewsNewsDevotional

കാരുണ്യത്തിന്റെ പെരുന്നാള്‍

പുത്തൻ ഉണർവ് നൽകുന്നൊരു പുതിയ ദിനമാണ് പെരുന്നാള്‍. അല്ലാഹു പ്രവാചകന് നല്‍കിയ ദിവ്യബോധനത്തിലൂടെയാണ് പെരുന്നാള്‍ നമ്മിലേക്കെത്തിയത്. പെരുന്നാള്‍ അതിന്റെ മനോഹരമായ ആശയങ്ങളിലൂടെ ആകാശത്തോളം ഉയരുന്നുവെന്നും, വൃക്തിക്കും സമൂഹത്തിനും നന്മ വര്‍ഷിക്കുമെന്നും ചുരുക്കം. സമൂഹം മുഴുവന്‍ സന്തോഷിക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പെരുന്നാള്‍. നന്മയില്‍ നിന്ന് കൊളുത്തിയെടുത്ത് പൂര്‍ത്തീകരിക്കേണ്ട ഓരോ സ്വപ്‌നവുമായാണ് എല്ലാവരും പെരുന്നാളിനെ സമീപിക്കാറ്. അവയില്‍ ഏറ്റവും ഉന്നതമായ സ്വപ്‌നം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കലും, ജനസമൂഹത്തിന് സേവനമര്‍പ്പിക്കലും തന്നെയാണ്.

ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്. പ്രദേശത്തിന്റെയോ, വര്‍ണത്തിന്റെയോ, നിറത്തിന്റെയോ പേരില്‍ ഏതെങ്കിലും വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ, നിഷേധിക്കപ്പെടുകയോ അരുത്. പരിപാവനമായ ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ അണിയില്‍ സമൂഹത്തിലെ ഓരോ പൗരനും ചേര്‍ന്നുനില്‍ക്കേണ്ടതാണ്.

പുണ്യമാസമായ റമദാൻ പ്രാർഥനകൾക്ക് മാത്രമല്ല സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും കാലം കൂടിയാണ്. സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാൻ മാസത്തെ നമുക്ക് പ്രയോജനപ്പെടുത്താം.

നമ്മൾ എല്ലാവരും പാപം ചെയ്യുന്നവരാണ്, ആരും പൂർണരല്ല എന്ന ബോധ്യത്തോടു കൂടി നമുക്ക് റമദാനിൽ നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാം.അതിനു വേണ്ടി നമ്മൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ സ്ഥിരം ആയിരിക്കണം. മരിക്കും വരെ അവയെ നമ്മൾ പിന്തുടരണം.

റമദാന്റെ പുണ്യം മനസ്സിൽ മാത്രമല്ല നമുക്ക് ചുറ്റുമുള്ള കാര്യങ്ങളിലും കണ്ടെത്തുവാൻ ശ്രമിക്കണം. സ്വയം നല്ല ശീലങ്ങൾ കൊണ്ടുവരാൻ മനസിനെയും ശരീരത്തിനെയും പ്രോത്സാഹിപ്പിക്കുവാനും കഴിയണം. റമദാന്റെ പരിശുദ്ധി മനസ്സിൽ ഉണ്ടെങ്കിൽ ഉറപ്പായും നമുക്ക് ദുഷ്ചിന്തകളെയും ദുശീലങ്ങളെയും ജീവിതത്തിൽ നിന്നും പുകച്ചു ചാടിക്കാൻ കഴിയണം.

shortlink

Post Your Comments


Back to top button