തിരുവനന്തപുരം : വിദേശരാജ്യങ്ങളുടെയുള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ വീണ്ടും ബഹിരാകാശകുതിപ്പിന് ഒരുങ്ങുന്നു. പി.എസ്.എല്‍.വി -38 വിക്ഷേപണ വാഹനത്തില്‍ 712 കിലോ ഭാരം വരുന്ന കാര്‍ട്ടോസാറ്റ്-2 സീരീസ് ഉപഗ്രഹത്തിനൊപ്പമാണ് 30 ചെറു ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിയ്ക്കുന്നത്. നാളെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.
ബ്രിട്ടന്‍, ആസ്ട്രിയ, ചിലി, ചെക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ളോവാക്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിയ്ക്കുക. ഇന്ത്യയില്‍ നിന്ന് നൂറുല്‍ ഇസ്ളാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ന്യൂസാറ്റും കൂട്ടത്തിലുണ്ട്. ദുരന്തനിവാരണം, കൃഷി എന്നീ മേഖലകളില്‍ ഈ ഉപഗ്രഹത്തിന്റെ സേവനം ലഭിയ്ക്കും.
മലയാളികളാണ് പി.എസ്.എല്‍.വി ദൗത്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. കെ.ജയകുമാറാണ് പ്രൊജക്ട് ഡയറക്ടര്‍. അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ പി.എസ്.എല്‍.വി ദൗത്യമാണിത്.
Post Your Comments