മറ്റാരെങ്കിലും നിങ്ങളുടെ ഫെയ്സ്ബുക്ക് ഫോട്ടോ ഉപയോഗിക്കുന്നുണ്ടോ ? ഇങ്ങനെ ഒരു സാധ്യത എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? പ്രൊഫൈലായി ചേര്‍ക്കുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതും അത് ദുരുപയോഗം ചെയ്യുന്നതും രാജ്യത്ത് വ്യാപകമായിരിക്കെ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായെത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഇന്ത്യയില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ കൂടുതല്‍ നിയന്ത്രണ സ്വാതന്ത്ര്യം നല്കുന്ന പുതിയ പദ്ധതിയ്ക്കാണ് ഫെയ്സ്ബുക്ക്ഇന്ത്യയില് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ടത്. സുരക്ഷാ മുന്‍കരുതലുകളോടു കൂടി ഒരുക്കിയിരിക്കുന്ന സംവിധാനത്തിന് ഫോട്ടോ ഗാര്‍ഡ് എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രൊഫൈല്‍ ഫോട്ടോ മറ്റുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയുക, ഒരാളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ മറ്റൊരാള്‍ക്ക് അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് തടയുക എന്നിവയ്ക്കൊപ്പം മൊബൈല്‍ ഫോണില്‍ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഫോട്ടോ ഗാര്ഡിലുണ്ടാവും.
ഫോട്ടോഗാര്‍ഡ് ആക്റ്റീവ് ആയാല്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ചുറ്റും നീല നിറത്തില്‍ ഒരു ചതുരം കാണാന്‍ സാധിക്കും. ഫേയ്സ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകളില്‍ പലരും തങ്ങളുടെ മുഖം പ്രൊഫൈല്‍ ഫോട്ടോയാക്കാന്‍ ഭയക്കുന്നതും ഇങ്ങനെ ഒരു സുരക്ഷാ സംവിധാനം ആവിഷ്കരിക്കാന്‍ ഫെയ്സ്ബുക്കിന് പ്രേരണയായിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമാണ് ഫെയ്സ്ബുക്ക്പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ ലോകത്തെ മറ്റിടങ്ങളിലേക്കും ഫെയ്സ്ബുക്ക് ഇത് വ്യാപിപ്പിക്കും.
Post Your Comments