കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സി. കൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എയായ കെ.കെ. നാരായണന്‍ തുടങ്ങി 114 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ അഡീഷണല്‍ സബ് ജഡ്ജി ബിന്ദു സുധാകരന്റേതാണ് ഉത്തരവ്.
കണ്ണൂര്‍ പോലീസ് മൈതാനത്ത് 2013 ഒക്‌ടോബര്‍ 27ന് സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സംഘംചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന്റെ ഉപരോധത്തിനിടെയാണ് ഉമ്മന്‍ ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്.
എഫ്.ഐ.ആറിൽ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. ”മുഖ്യമന്ത്രിയെ കൊല്ലടാ”എന്ന് ആര്‍ത്തുവിളിച്ച് പോലീസിന്റെ അകമ്പടി വാഹനം തടഞ്ഞെന്നും ഇതിനിടെ കണ്ടാലറിയാവുന്ന ഒരുകൂട്ടം പ്രതികള്‍ മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തിന്റെ വലതുവശത്തു കൂടി ഇരച്ചുകയറി കല്ലും മാരകായുധമായ മരവടി, ഇരുമ്പ് വടി, ട്രാഫിക് കോണ്‍ എന്നിവകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നുമാണ് ടൗണ്‍ എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനവും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തതില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വക്കേറ്റുമാരായ കെ.ആര്‍. സതീശന്‍, സി. രേഷ്മ എന്നിവരാണ് ഹാജരാകുന്നത്.
Post Your Comments