ജ്യോതിർമയി ശങ്കരൻ
അദ്ധ്യായം-5
വൈഷ്ണോ ദേവീ മന്ദിര്‍ ,അഹമ്മദാബാദ്
സബര്‍മതി ആശ്രമത്തില്‍ നിന്നും പുറത്തു കടന്ന ഞങ്ങള്‍ ബസ്സില്‍ക്കയറി വീണ്ടും ഉച്ചഭക്ഷണത്തിനായി താമസിക്കുന്ന ഹോട്ടലിലെത്തി. ബേസ് മെന്റിലെ താല്ക്കാലിക അടുക്കളയില്‍ ഇതിനകം ഞങ്ങള്‍ക്കായി സ്വാദിഷ്ടവും ലളിതവുമായ നാടന്‍ ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ വിശ്രമിച്ച ശേഷം ഞങ്ങള്‍ അടുത്ത ലക്ഷ്യമായ അഹമ്മദാബാദിലെ വൈഷ്ണോദേവിയിലേയ്ക്കു പുറപ്പെട്ടു.
ഈ മന്ദിരം സ്ഥിതിചെയ്യുന്നത് സാര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവെയ്ക്കു തൊട്ടായതിനാല്‍ അവിടെ നിന്നും എത്തിച്ചേരാന്‍ എളുപ്പമാണ്. ജമ്മു-കാഷ്മീരിലെ പ്രസിദ്ധമായ വൈഷ്ണോദേവീ ക്ഷേത്രത്തിന്റെ ഒരു കൊച്ചു പതിപ്പാണിത്. നവരാത്രിക്കാലത്ത് തിരക്കേറുമെങ്കിലും ഇന്നിത് ഏതുകാലത്തും സന്ദര്‍ശകബാഹുല്യമുളള തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.ജമ്മു-കാഷ്മീരിലെ വൈഷ്ണോ ദേവിയില്‍ പോയിട്ടില്ലെങ്കിലും കയറലും ഗുഹ നൂഴലും അതിനെ ഓര്‍മ്മിപ്പിയ്ക്കും വിധം തന്നെയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കയറ്റത്തിന്റെയും മറ്റും ബുദ്ധിമുട്ടുകള്‍ കുറവായതിനാല്‍ കൂടുതല്‍ പേരെ ഈ മന്ദിര്‍ ആകര്‍ഷിയ്ക്കുന്നു.
വൈഷ്ണോദേവീ മന്ദിരത്തിനു തൊട്ടുമുന്നില്‍ നിര്‍ത്തിയ ബസ്സില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ ഏറെ നേരം പാറക്കല്ലുകളാല്‍ പ്രത്യേകം ആകൃതിയൊന്നുമില്ലാതെ നിര്‍മ്മിയ്ക്കപ്പെട്ട ഗുഹാക്ഷേത്രത്തെത്തന്നെ നോക്കി നിന്നു. ക്ഷേത്രാങ്കണത്തിലെ നീണ്ട ദര്‍ശനനിര പതുക്കെ മുന്നോട്ടു നീങ്ങവേ സെക്യൂരിറ്റി ചെക്കു നടക്കുന്നുണ്ടായിരുന്നു. പലരുടെയും കീശയിലെ ചീര്‍പ്പുകളും പേനകളും പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് ബാസ്ക്കറ്റില്‍ ഇടുന്നതു കാണാന്‍ കഴിഞ്ഞു. എന്റെ കയ്യിലെ ബാഗ് തുറന്നു നോക്കില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ടു നീങ്ങി. ഭാഗ്യത്തിനു ബാഗ് ശ്രദ്ധയില്‍പ്പെട്ടില്ല. മുകളിലോട്ടുള്ള വരി സാവധാനം നീങ്ങിക്കൊണ്ടിരുന്നു. ഇടുങ്ങിയതും വളവുള്ളതുമായ കൃത്രിമമായ വഴിത്താരകളിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ചുണ്ടുകളില്‍ വൈഷ്ണവീ ഗായത്രിമന്ത്രം ഓര്‍ത്തെടുത്തു:
“ഓം വിഷ്ണു ഭൂതായ വിസ്മഹേ
ചക്രഹസ്തായൈ ധീമഹി
തന്നോ വൈഷ്ണവി പ്രചോദയാത്“.
വൈഷ്ണവി രക്ഷാദേവിയാണ്.ആദിപരാശക്തിയുടെ പലരൂപങ്ങളായ സപ്തമാതാക്കളില്‍ ഒരാള്‍. വിഷ്ണുശക്തിയും വിഷ്ണുവാഹനവും ഉള്ളവള്‍. ഗരുഡനാണ് വാഹനം. ശ്രീചക്രത്തിനു തെക്കുകോണില്‍ മഹാസരസ്വതിയുടെയും മഹാകാളിയുടെയും മഹാലക്ഷ്മിയുടെയും തേജസ്സുകളുടെ സംഗമത്തില്‍ നിന്നും അസുരനിഗ്രഹത്തിന്നായി രൂപം കൊണ്ടവള്‍.അവള്‍ അണിഞ്ഞിരിയ്ക്കുന്നതോ വിഷ്ണുവിന്റെ ആയുധങ്ങളായ ശംഖ-ചക്ര-ഗദാദികള്‍ തന്നെ.ശ്രീരാമദേവന്‍ നല്‍കിയ അമ്പും വില്ലും കൂടെയുണ്ട്. വൈഷ്ണവിയുടെ അവതാരത്തിനു പിന്നിലെ കഥകള്‍ രസകരമാണ്.എന്നും മോഹിച്ചിരുന്നു, ജമ്മുവിലെ വൈഷ്ണോദേവിയില്‍പ്പോയി ദര്‍ശനം നടത്തണമെന്ന്. ആദ്യദര്‍ശനം ഈ വിധത്തിലാകുമെന്നൊരിയ്ക്കലും വിചാരിച്ചിരുന്നില്ലെന്നു മാത്രം.
ആരോഗ്യപ്രശ്നം കൊണ്ടുമാത്രം കയറാന്‍ ബുദ്ധിമുട്ടുള്ളവരില്‍ച്ചിലര്‍ താഴെ ബസ്സില്‍ത്തന്നെയിരുന്നെങ്കിലും മറ്റു ചിലരുടെ സഹായത്തോടെയെങ്കിലും മുകളില്‍ കയറാന്‍ ചിലര്‍ സന്നദ്ധരായി. സാക്ഷാല്‍ വൈഷ്ണോ ദേവീ മന്ദിരം കയറാന്‍ മോഹിച്ചവര്‍ക്കായുള്ള ഒരാശ്വാസം തന്നെയാണിവിടം. മുകളില്‍ രണ്ടു ഗുഹകള്‍ . ഒന്നില്‍ക്കൂടി മുട്ടുകുത്തിയും കിടന്നും പുറത്തെത്താം. രണ്ടാമത്തെ ഗുഹയാണിത്തിരി കഠിനം അതിലൂടെ കടന്നാലെത്തുന്നത് ദേവിയുടെ സന്നിധാനത്തില്‍ തന്നെ.ഗുഹയിലൂടെ പോകാന്‍ കഴിയാത്തവര്‍ക്കു പിന്നിലെ വാതിലിലൂടെ നേരിട്ട് ദേവിയ്ക്കു മുന്നിലെത്താം. മതി വരുവോളം തൊഴാനായി. ചെറിയ വെള്ളിനാണയം കൈ നീട്ടമായി കിട്ടുകയും ചെയ്തപ്പോള്‍ സന്തോഷം തോന്നി. താഴെയാണു പ്രസാദം നല്‍കുന്നയിടം. അവിടെ നിന്നും ദേവിയുടെ ഒരു ചിത്രവും വളരെ സ്വാദിഷ്ഠമായ മധുര പലഹാരവും പ്രസാദമായിക്കിട്ടി.പ്രസാദം വാങ്ങുന്നയിടത്തും നല്ല തിരക്ക്. സ്ത്രീകളാണ് ഇവ വിതരണം ചെയ്യാനായി നില്‍ക്കുന്നതും. ആകപ്പാടെ മനസ്സില്‍ സന്തോഷം തോന്നി.
താഴെനിന്നും മുകളിലേയ്ക്കു നോക്കിയപ്പോള്‍ മുകളില്‍ പാറിക്കളിയ്ക്കുന്ന കൊടിക്കൂറകള്‍ മനസ്സില്‍ ഇളക്കം സൃഷ്ടിച്ചു. നല്ലൊരനുഭവത്തിന്റെ ഓര്‍മ്മകളായി അവ മനസ്സിലെന്നുമുണ്ടായിരിയ്ക്കുമെന്ന തോന്നല്‍. പാറക്കല്ലുകളും സിമന്റും കൊണ്ടു നിര്‍മ്മിതമാായ ഈ ക്ഷേത്രവും അങ്ങോട്ടുളള വഴികളും പുറമേ നിന്നും കാണുന്ന വിധം ദുഷ്ക്കരമായിത്തോന്നിയില്ല കയറാന്‍ എന്ന് കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഒരു പക്ഷേ അവിടെയെത്താനുള്ള വ്യഗ്രതയില്‍ ബുദ്ധിമുട്ടിനെക്കുറിച്ചു ചിന്തിയ്ക്കാന്‍ സമയം കിട്ടിക്കാണില്ലെന്നതാവും സത്യം.ഒരു പക്ഷെ വൈഷ്ണോ ദേവിയുടെ അനുഗ്രഹമൊന്നു തന്നെയായിരിയ്ക്കാം.
എന്തായാലും അടുത്ത പോയന്റ് ആയ അക്ഷര്‍ധാമിലേയ്ക്കായി ബസ്സില്‍ കയറിയിരിയ്ക്കുമ്പോള്‍ മനസ്സ് പാട്ടു പാടുന്നുണ്ടായിരുന്നു. ദെല്‍ഹിയില്‍ അക്ഷര്‍ധാം സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവണങ്ങളും അറിവുകളും മനസ്സിന്നുള്ളില്‍ വര്‍ണ്ണ പുഷ്പ്പങ്ങളായി വിരിയാന്‍ തുടങ്ങിയിരുന്നു.
Post Your Comments