Reader's Corner

ജൂൺ 19 വായനാദിനം, വായിച്ചു വളരാം…

ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിക്കുകയാണല്ലോ.. അന്നുതന്നെയാണ്‌ പി എൻ പണിക്കരുടെ ചരമവാർഷികവും. വായനയുടെ ഗൗരവവും അറിവുനേടുന്നതിന്റെ ആവശ്യകതയും മലയാളികളെ ബോധ്യപ്പെടുത്താൻ പദയാത്രകളും സെമിനാറുകളും നടത്തുകയും ഗ്രാമഗ്രാമാന്തരങ്ങളിൽ ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തവരിൽ പ്രമുഖനായിരുന്നു പി എൻ പണിക്കർ. കേരള ഗ്രന്ഥശാലാസംഘം എന്ന ഇപ്പോഴത്തെ ‘കേരളാ സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം. ദീർഘകാലം ഗ്രന്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോകം’ മാസികയുടെ പത്രാധിപരായും പ്രവർത്തിച്ച പണിക്കർ 1977-ലാണ്‌ ആ സ്ഥാനത്തുനിന്ന്‌ വിരമിക്കുന്നത്‌. 1995 ജൂൺ 19ന്‌ പണിക്കർ അന്തരിച്ചു. അദ്ദേഹം നേതൃത്വം നൽകിയ ‘കേരള ഗ്രന്ഥശാലാസംഘത്തെക്കുറിച്ച്‌ അൽപം കാര്യങ്ങൾകൂടി കേട്ടോളൂ.

ഗ്രന്ഥശാലാസംഘവും പ്രവർത്തനങ്ങളും

1829-ൽ സ്വാതിതിരുനാൾ തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി തുടങ്ങിയതോടുകൂടിയാണ്‌ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‌ തുടക്കമായത്‌. വൈകാതെ തിരുവിതാംകൂറിലും മലബാറിലും അനേകം ഗ്രന്ഥശാലകൾ ഉടലെടുത്തു. അപ്പോഴൊന്നും ധനസഹായം സർക്കാരിൽനിന്ന്‌ ലഭിച്ചുതുടങ്ങിയിരുന്നില്ല. അംഗങ്ങളുടെ വരിസംഖ്യയും സംഭാവനകളും മാത്രമായിരുന്നു വരുമാനം.

ആദ്യകാല സമിതി

വൈകാതെ വായനയുടെയും ഗ്രന്ഥങ്ങൾ ശേഖരിക്കപ്പെടേണ്ടതിന്റെയും ഗൗരവം മനസിലാക്കിയ ഗവൺമെന്റ്‌ ലൈബ്രറികൾക്ക്‌ ധനസഹായം നൽകിത്തുടങ്ങി. അങ്ങനെ ഗ്രന്ഥശാലകളുടെ പ്രവർത്തനം കാര്യക്ഷമമായി. 1945-ൽ കോട്ടയത്തെ അമ്പലപ്പുഴ പി കെ മെമ്മോറിയൽ (സാഹിത്യ പഞ്ചാനൻ പി കെ നാരായണപിളളയുടെ പേരിലുളള) ലൈബ്രറിയിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ സമ്മേളിച്ച്‌ ‘അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം’ രൂപീകരിച്ചു.

പ്രവർത്തകസമിതി

ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്തത്‌ അന്നത്തെ ദിവാനായിരുന്ന സർ സി പിയായിരുന്നു. ഏവൂർ ഗ്രന്ഥശാലയിലെ കെ എം കേശവൻ പ്രസിഡന്റായും സെക്രട്ടറിയായി പണിക്കരെയും തിരഞ്ഞെടുത്തു. പതിനാലംഗ പ്രവർത്തകസമിതിയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1941 മെയ്‌ 27-നാണ്‌ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്‌.

പ്രസിഡന്റുമാർ

കെ എം കേശവനുശേഷം ഡോ. പി ടി തോമസ്‌, പറവൂർ ടി കെ നാരായണപിളള, പനമ്പിളളി ഗോവിന്ദമേനോൻ, കെ എ ദാമോദര മേനോൻ, ആർ ശങ്കർ, പി എസ്‌ ജോർജ്ജ്‌, പി ടി ഭാസ്കരപ്പണിക്കർ, തായാട്ട്‌ ശങ്കരൻ എന്നിവരും സംഘം പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. 1945 മുതൽ 1997-ൽ സംഘം സർക്കാർ ഏറ്റെടുക്കുന്നതുവരെ പി എൻ പണിക്കർ തന്നെയായിരുന്നു സെക്രട്ടറി.

യുനെസ്കോ അംഗീകാരം :-

1946 മുതൽ തിരുവിതാംകൂർ മഹാരാജാവ്‌ ഗ്രന്ഥശാലാ സംഘത്തിന്‌ പ്രതിമാസം 250 രൂപ ഗ്രാന്റ്‌ അനുവദിക്കുകയും വാർഷിക ഗ്രാന്റ്‌ 240 രൂപയായി ഉയർത്തുകയും ചെയ്തു. 1950-ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തോടെ ‘തിരു കൊച്ചി’ ഗ്രന്ഥശാലാസംഘവും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘവും രൂപപ്പെട്ടു. സാക്ഷരതാ പ്രവർത്തനത്തിന്‌ 1975-ൽ യുനെസ്കോയുടെ ക്രപ്സ്കായ അവാർഡ്‌ സംഘത്തെ തേടിയെത്തി.

ആദ്യ സർവെ

സംഘത്തിന്റെ ഭരണം സർക്കാർ ഏറ്റെടുത്തതോടെ കേരള നിയമസഭ ‘കേരള പബ്ലിക്‌ ലൈബ്രറീസ്‌ ആക്ട്‌’ 1989-ൽ പാസാക്കി. 1991-ൽ പബ്ലിക്‌ ലൈബ്രറീസ്‌ ആക്ടിന്‌.

അനുബന്ധമായ ചട്ടങ്ങളും :- നിലവിൽവന്നു. ഇതിന്റെ ഫലമായി 1994 ഏപ്രിൽ 27ന്‌ കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ നിലവിൽ വന്നു. 1995-ൽ ആദ്യമായി സംസ്ഥാനത്ത്‌ വായനക്കാരുടെ അഭിരുചിയും പ്രവണതയും തിരിച്ചറിയുന്നതിന്‌ സർവേയും നടത്തുകയുണ്ടായി.

നാഴികക്കല്ലുകൾ, വളർച്ച

വായനക്കാരുടെ അഭിരുചിയും വായനയെയും ഗ്രന്ഥങ്ങളെയും അവർ എങ്ങനെ സമീപിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു 1998 മാർച്ചിൽ കേരളത്തിൽ ആധുനിക ഗ്രന്ഥാലയ ശാസ്ത്രമനുസരിച്ചുളള ലൈബ്രറി സിസ്റ്റം നിലവിൽവന്നത്‌. ഇതിന്റെ ഭാഗമായി രണ്ട്‌ ജില്ലാ ലൈബ്രറിയും മൂന്ന്‌ വില്ലേജ്‌ ലൈബ്രറിയും സ്ഥാപിക്കപ്പെട്ടു. കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ ഇൻഫർമേഷൻ സിസ്റ്റവും നിലവിൽവന്നു.

പ്രവർത്തനോദ്ദേശം:

കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ എന്നായതിനുശേഷം കൗൺസിലിന്റെ ആദ്യ പ്രസിഡന്റായി കടമ്മനിട്ട രാമകൃഷ്ണനും സെക്രട്ടറിയായി ഐ വി ദാസും തിരഞ്ഞെടുക്കപ്പെട്ടു. വിജ്ഞാനം വികസനത്തിന്‌ എന്നതത്രേ കൗൺസിലിന്റെ പ്രവർത്തനോദ്ദേശം കൗൺസിലിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോകം’ 1948 മുതലാണ്‌ പ്രസിദ്ധീകരണം തുടങ്ങിയത്‌. ഇതിനെപ്പറ്റി കൂടുതൽ വഴിയേ പറയാം.

പദ്ധതികൾ പലതുണ്ട്‌

വിജ്ഞാനം വികസനത്തിന്‌ എന്ന മുദ്രാവാക്യമുളള കൗൺസിലിന്‌ കീഴിൽ പല പദ്ധതികളുമുണ്ട്‌. ഗ്രാമീണ വനിതാ പുസ്തകവിതരണ പദ്ധതി, മോഡൽ വില്ലേജ്‌ ലൈബ്രറികൾ, അക്കാദമിക്‌ സ്റ്റഡി സെന്ററുകൾ, ബുക്ബാങ്ക്‌, ഗ്രന്ഥശാലാ പ്രവർത്തന പരിശീലന പരിപാടികൾ, ബുക്‌ ബയന്റിങ്‌ ആൻഡ്‌ പ്രിസർവേഷൻ കോഴ്സ്‌, ജയിൽ ലൈബ്രറി സർവീസ്‌, ബാലകൈരളി പുസ്തക വിഭാഗം, കരിയർ ഗൈഡൻസ്‌ സെന്റർ, മാതൃകാ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ഗ്രാമീണ പുസ്തകോൽസവങ്ങൾ, അഖില കേരള വായനാ മൽസരം തുടങ്ങിയവ ഇതിൽപ്പെടുന്നു. കൗൺസിൽ നടത്തുന്ന ‘ലൈബ്രറി സയൻസ്‌ സർട്ടിഫിക്കറ്റ്‌ കോഴ്സിന്‌ പിഎസ്സി അംഗീകാരംകൂടിയുണ്ട്‌.

ഗ്രന്ഥാലോകം മാസിക

1948 മുതൽ പതിവായി തിരുവനന്തപുരത്തുനിന്ന്‌ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പ്രഥമ പത്രാധിപർ പ്രൊഫ. എസ്‌ ഗുപ്തൻ നായരായിരുന്നു. പുസ്തക നിരൂപണങ്ങൾക്ക്‌ പ്രാധാന്യം നൽകുന്ന മാസിക സാഹിത്യ ലേഖനങ്ങൾ, ലൈബ്രറി സയൻസ്‌ വിഷയങ്ങളെക്കുറിച്ചുളള വിഷയങ്ങൾ, ഗ്രാമീണ ഗ്രന്ഥശാലകളെ പരിചയപ്പെടുത്തൽ, ഗ്രന്ഥാലയ വിഷയങ്ങൾ ഉൾക്കൊളളുന്ന ന്യൂസ്‌ സപ്ലിമെന്റ്‌ എന്നിവയുമായി മുന്നേറുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻമാരിൽ ചിലർ മാസികയുടെ പത്രാധിപ സമിതിയംഗങ്ങളായിട്ടുണ്ട്‌. പൂർണമായും ബഹുവർണത്തിൽ അച്ചടിക്കുന്ന ഗ്രന്ഥാലോകം വായനാലോകത്തെ പുത്തൻ തുടിപ്പുകളുമായി ഇന്നും സജീവമായി നിലകൊളളുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button