കൊച്ചി: കൊച്ചിയിൽ കനത്ത സുരക്ഷ. മെട്രോ റെയിൽ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുന്നതു പ്രമാണിച്ചാണ് ഉദ്ഘാടനവേദിയിലും നഗരത്തിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഡിജിപി: ടി.പി. സെൻകുമാർ നേരിട്ടെത്തി സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തു. എസ്പിജിയുടെ നിയന്ത്രണത്തിലാണ് പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രധാനവേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകൾ തുടങ്ങിയവയുടെ സുരക്ഷാ നിയന്ത്രണം.
ശനിയാഴ്ച രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക. 10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേയ്ക്കും തിരിച്ചും മെട്രോയില്‍ യാത്ര. പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ചശേഷമാണ് പ്രധാനമന്ത്രി ട്രെയിനിലേക്ക് കയറുക. 11ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപത്തെ പ്രത്യേക വേദിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപു (രാവിലെ പത്തു മണി) പന്തലിൽ പ്രവേശിക്കണം. ക്ഷണപത്രം, തിരിച്ചറിയൽ കാർഡ് എന്നിവ കയ്യിൽ കരുതണം. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരാൻ പാടില്ല.
വാഹനങ്ങളുടെ റിമോട് കീ, ബാഗ്, വെള്ളക്കുപ്പി എന്നിവ അനുവദിക്കില്ല. ചടങ്ങിനിടെ പുറത്തുപോകാൻ അനുവദിക്കില്ല. ഉദ്ഘാടനച്ചടങ്ങിന്റെ സുരക്ഷയ്ക്ക് 18 എസ്പി, 40 ഡിവൈഎസ്പി, 50 സിഐ, 350 എസ്ഐ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 350 വനിതാ ട്രെയിനി കെഡറ്റുകളുടെയും 185 എസ്ഐ ട്രെയിനിങ് കെഡറ്റുകളുടെയും സേവനവുമുണ്ട്. 150 പൊലീസുകാരെ മഫ്തിയിലും നിയോഗിക്കും.
ശനിയാഴ്ച നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറു മുതല്‍ 1.30 വരെയാണിത്.നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബി.ടി.എച്ച് ജങ്ഷന്‍, സുഭാഷ് പാര്‍ക്ക്,മേനക, ഹൈക്കോടതി ജങ്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഈ റോഡുകളുടെ വശങ്ങളില്‍ കച്ചവടവും അനുവദിക്കില്ല.പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സമയം റോഡില്‍ കൂടിയുള്ള കാല്‍നട യാത്ര അനുവദിക്കില്ല. ഈ സമയംയാത്രക്കാര്‍ വഴിയരികിലെ ബാരിക്കേഡിനുള്ളില്‍ നില്‍ക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.
Post Your Comments