കൊടും ക്രൂരതയാണ് കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവാക്കള്‍ ഇന്ന് അനുഭവിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചാല്‍ നാലും അഞ്ചും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൊഴില്‍ ലഭിക്കുന്നത്. അതും തൊഴില്‍ ലഭിക്കുന്നത് ആകെ അപേക്ഷിക്കുന്നതില്‍ രണ്ടോ മൂന്നോ ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം. അതുകൊണ്ടുതന്നെ അവര്‍ ഓരോ ദിവസവും താല്‍ക്കാലികമായിട്ടാണെങ്കിലും മറ്റ് തൊഴിലുകള്‍ തേടുകയാണ്. എന്നാല്‍ എല്ലാ ആഴ്ചയും തൊഴില്‍ വാര്‍ത്തയിലും മറ്റും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ടെന്ന പരസ്യം കാണാറുണ്ട്. എന്നാല്‍ ഇത് വിശ്വസിച്ച് ആകാംക്ഷയോടെ അപേക്ഷ അയക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ പറ്റിക്കപ്പെടുകയാണ്. കാരണം മറ്റൊന്നുമല്ല….. പാര്‍ട്ടി കത്തിന് മാത്രം ജോലി.
കഴിഞ്ഞ ഏപ്രില്‍ മാസമാണ് കൃഷി വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റില്‍ ഡ്രൈവര്‍ തസ്തികയില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് കാട്ടി കൃഷിവകുപ്പ് പരസ്യം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കകം ഡ്രൈവിംഗ് ടെസ്റ്റും, ഇന്റര്‍വ്യൂവും നടത്തി ഫൈനല്‍ ലിസ്റ്റ് പുറത്തിറക്കി. ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചതാകട്ടെ പാര്‍ട്ടി കത്ത് നല്‍കിയ സിപിഐ പ്രവര്‍ത്തകര്‍! സിപിഐ ഏരിയാ സെക്രട്ടറിമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്! വകുപ്പ് സിപിഐക്കാണല്ലോ. വിഷയം ഇവിടെ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങള്‍ക്കകം കൃഷിവകുപ്പിന് കീഴിലുള്ള കുടപ്പനക്കുന്ന് ഓഫീസില്‍ നിന്ന് ഒരു കത്ത് ഡയറക്ടറേറ്റിലെത്തി. കുടപ്പനക്കുന്ന് ഓഫീസില്‍ ഡ്രൈവര്‍ തസ്തികയില്‍ 3 ഒഴിവ് നിലവിലുണ്ടെന്നും, നിലവിലെ ലിസ്റ്റില്‍ നിന്നും ഇവ നികത്തണമെന്നനും ആയിരുന്നു ആവശ്യം. ഇതറിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായി. അവര്‍ ഡയറക്ടറേറ്റില്‍ അന്വേഷണവുമായി കയറിയിറങ്ങി.
എന്നാല്‍ അവിടെയും നിരാശപ്പെടുത്തി. യുവാക്കളെ പുച്ഛിച്ചുകൊണ്ട് അധികൃതര്‍ പറഞ്ഞത് കത്ത് കത്ത് കത്ത് ! കൃഷി വകുപ്പിലെ ചില ഉന്നത് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വേണ്ടപ്പെട്ടവരെ തിരുകി കയറ്റണം, പാര്‍ട്ടിക്ക് തങ്ങളുടെ പ്രവര്‍ത്തകരെ തിരുകി കയറ്റണം. ഇത് രണ്ടുമില്ലാത്ത പാവപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും വിഢികള്‍. പലപ്പോഴും ഉദ്യോഗസ്ഥരും മന്ത്രി ഓഫീസും തമ്മിലുള്ള തമ്മിലടി കാരണം. പല തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. മുകളില്‍ പറഞ്ഞത് അടുത്തിടെ കൃഷിവകുപ്പില്‍ നടന്ന സംഭവങ്ങള്‍ മാത്രമാണ്. ഇനിയുമുണ്ട് മറ്റ് വകുപ്പുകള്‍. യോഗ്യതയ്ക്കും, കഴിവിനും യാതൊരു പ്രാധാന്യവും നല്‍കാതെ പാര്‍ട്ടിക്കാരെ മാത്രം തിരുകി കയറ്റുന്നവര്‍.
പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴില്‍ നല്‍കുകയാണ് ഇത്തരം ദിവസവേതനം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട യോഗ്യതയും, കഴിവുമല്ല പാര്‍ട്ടിക്കാരനാണോ എന്നത് മാത്രമാണ് ഇവിടെ മാനദണ്ഡം. വിജ്ഞാപനവും കണ്ട് ആവേശത്തോടെ പോകുന്നവര്‍ തിരികെ വരുന്നത് നിരാശരായി. കാരണം ഇവരുടെ മുഖത്ത് നോക്കി തന്നെ ഉദ്യോഗസ്ഥര്‍ പറയുന്നത് പാര്‍ട്ടിക്കാരനാണോ കത്തുണ്ടോ എന്നൊക്കെയാണ്. വകുപ്പ് മന്ത്രിയും, മന്ത്രി ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അറിയാതെ എന്തായാലും ഇത്തരം നിയമനങ്ങള്‍ നടക്കില്ല എന്നത് ഉറപ്പ്. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഇത്തരം ഒഴിവുകള്‍ പൂഴ്ത്തിവെച്ച്, വിജ്ഞാപനം നല്‍കി ഉദ്യോഗാര്‍ത്ഥികളെ പറ്റിച്ച് പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴില്‍ നല്‍കുമ്പോള്‍ സര്‍ക്കാരും, ഉദ്യോഗസ്ഥരും ഒരു കാര്യം ഓര്‍ക്കുക യുവാക്കളാണ് നാളെയുടെ ശക്തി. തങ്ങളെ വിഢികളാക്കിയവര്‍ക്ക് നേരെ നാളെ അവര്‍ ഒന്നടങ്കം കൈചൂണ്ടും എന്നത് ഉറപ്പ്.
Post Your Comments