കോട്ടയം: ക്യാന്‍സര്‍ രോഗം ബാധിച്ച ശരീര ഭാഗം നീക്കി പകരം കൃത്രിമ അവയവംവച്ചുപിടിപ്പിക്കുന്ന ചികില്‍സ വിജയകരമായി നടത്തി ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്. നാക്കിലെ ക്യാൻസർ ബാധിച്ച ഭാഗം നീക്കി ശരീരത്തില്‍ നിന്ന് മാംസം എടുത്ത് നാക്കില്‍ തുന്നിച്ചേർത്തു. കൂടാതെ ക്യാൻസർ ബാധിച്ച അസ്ഥി നീക്കം ചെയ്തു കൃത്രിമ അസ്ഥി വച്ച് പിടിപ്പിച്ചു. ഈ ശസ്ത്രക്രിയകൾ അപൂർവ്വമല്ലെങ്കിലും സൗകര്യ കുറവിനിടയിലും കോട്ടയം മെഡിക്കല്‍ കോളജില്‍ തിരുവനന്തപുരം ആര്‍.സി.സി.യേക്കാള്‍ കൂടുതല്‍ ചികില്‍സകളും പ്രത്യേക തരം ശസ്‌ത്രക്രിയകളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നാക്കിൽ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ നില തൃപ്തികരമാണെന്നും തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ ചികില്‍സയിലൂടെ രക്ഷപ്പെടുത്തുവാന്‍ കഴിയുമെന്ന് ഡോക്‌ടര്‍ പറയുന്നു.രോഗം വന്ന നാക്കിന്റെ ഭാഗം മാത്രം മുറിച്ചുനീക്കിയശേഷം തുടയില്‍ നിന്നും മാംസം എടുത്താണ് നാക്ക് പുനസ്‌ഥാപിച്ചത്. ക്യാന്‍സര്‍ വിഭാഗത്തിന് പ്രത്യേക സര്‍ജറി വിഭാഗമില്ല.ജനറല്‍ സര്‍ജറിയിലാണ് ക്യാന്‍സര്‍ രോഗികളേയും ശസ്‌ത്രക്രിയക്ക് വിധേയമാക്കുന്നത്.
അവയവം മാറ്റിവെക്കുമ്പോൾ പ്ലാസ്‌റ്റിക്ക് സര്‍ജറിയുടെ സേവനം തേടാറുണ്ട്. ഒരു വര്‍ഷം ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഈ രണ്ട് യൂണിറ്റുകളില്‍ മാത്രം 100 ല്‍ അധികം മേജര്‍ ശസ്‌ത്രക്രിയകളാണ് നടക്കുന്നത്. ഇവിടെ അത്യാധുനിക ഉപകരണങ്ങളും സജ്‌ജ്‌ജീകരണങ്ങളും ഏർപ്പെടുത്തിയാൽ ഇനിയും കൂടുതൽ രോഗികൾക്ക് ശസ്ത്രക്രിയ നടത്താനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന് പ്ലാസ്‌റ്റിക് സര്‍ജറിമേധാവി ഡോ. ലക്ഷ്‌മി പറയുന്നു.
Post Your Comments