തിരുവനന്തപുരം ; പത്താമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്നായി സൗണ്ട്ഫൈൽസ്. കേൾക്കുക എന്ന പ്രവൃത്തിയിൽ പുതിയൊരു സർഗാത്മക പരീക്ഷണമാണ് സൗണ്ട് ഫൈൽസിന്റെ ലക്ഷ്യം. കലാകാരന്മാരും ചലച്ചിത്രകാരന്മാരും റേഡിയോ പ്രാക്ടീഷണർമാരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ പരീക്ഷണ സംരംഭം കാണികൾക്ക് മുന്നിലെത്തുക.
ശബ്ദവിന്യാസത്തിലൂടെ കഥ പറയുന്ന സൗണ്ട്ഫൈൽസ് ദൃശ്യശ്രവ്യ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കാഴ്ചപ്പാടുകളും നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഘടനയായ ഐ.എ.ഡബ്ള്യൂ.ആർ .ടി( ഇന്റര്‍നാഷണൽ അസോസിയേഷൻ ഓഫ് വിമൻ ഇൻ റേഡിയോ ആന്റ് ടെലിവിഷൻ ) സംഘടിപ്പിച്ച ഏഷ്യൻ വിമൻസ് ഫെസ്റ്റിവലിലാണ് ആദ്യമായി അവതരിപ്പിച്ചത്.
അരമണിക്കൂർ വീതമുള്ള സൗണ്ട്ഫൈൽസ് രണ്ടു സെഷനുകളായിട്ടായിരിക്കും അവതരിപ്പിക്കുക. ഏഴുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഓരോ കഥയ്ക്കും പ്രഗല്‍ഭരായ കലാകാരന്മാരായിരിക്കും ശബ്ദം നല്കുക.
വനിതാ സംവിധായികമാരായ സാമിന മിശ്ര, ഇറം ഖുഫ്റാൻ എന്നിവരാണ് ക്യുറേറ്റർമാർ. ബെര്ലിന്‍, സാര്‍ക്ക് ചലച്ചിത്രമേളകളില്‍ ഇറമിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും, മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഇവർ നേടുകയും ചെയ്‌തിട്ടുണ്ട്.
Post Your Comments