KeralaLatest NewsNews

ഡി.ജി.പി സെന്‍കുമാര്‍ കര്‍ക്കശനടപടിയുമായി മുന്നോട്ടുതന്നെ : അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ എന്ത് ചെയ്യണമെന്ന വ്യക്തതയോടെ

 

തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാര്‍ കര്‍ക്കശ നടപടിയുമായി മുന്നോട്ടു തന്നെ. വിരമിക്കാന്‍ 16 ദിവസം മാത്രം ശേഷിക്കെ, പൊലീസ് ആസ്ഥാനത്തെ ടി (ടോപ്പ് സീക്രട്ട്) സെക്ഷനിലടക്കം സെന്‍കുമാര്‍ ഇടപെടല്‍ ശക്തമാക്കും. സുപ്രീം കോടതി ഉത്തരവോടെ പൊലീസ് സേനയുടെ തലപ്പത്തു തിരിച്ചെത്തിയ സെന്‍കുമാറിനെ അതീവ രഹസ്യസ്വഭാവമുള്ള ടി സെക്ഷനില്‍ നിന്നു സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനാണ് വിരാമമിടുന്നത്.

ഗണ്‍മാനെ അടിയന്തരമായി മടക്കിയയച്ച് ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം സെന്‍കുമാറിനു കൈമാറിയത്. ഇത് സെന്‍കുമാര്‍ പാലിച്ചു.  ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിയായുള്ള ടോമിന്‍ ജെ. തച്ചങ്കരിയുടെ നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ കര്‍ശന ഇടപെടല്‍. പല ഫയലുകളും താന്‍ കാണാതെ പോകുന്നുണ്ടെന്നു വ്യക്തമായതോടെ താന്‍ നേരിട്ടെത്തി ടി സെക്ഷനില്‍ പരിശോധന നടത്തുമെന്ന് പൊലീസ് ആസ്ഥാനത്തെ എല്ലാ സെക്ഷന്‍ മേധാവികളെയും രഹസ്യ കുറിപ്പിലൂടെ സെന്‍കുമാര്‍ അറിയിച്ചു.

തീര്‍പ്പാക്കിയ ഫയലുകളുടേത് അടക്കമുള്ള പട്ടിക പെട്ടെന്നു തയാറാക്കി നല്‍കാന്‍ ടി സെക്ഷനിലെ ക്ലര്‍ക്കുമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ചില സെക്ഷനുകളില്‍ കമ്പ്യൂട്ടറിലൂടെയല്ലാതെ നടക്കുന്ന ഫയല്‍ നീക്കത്തിന്റെ കാരണവും ചോദിച്ചു. പരാതികളും അച്ചടക്കനടപടികളും സംബന്ധിച്ച ഫയലുകള്‍ പൊലീസ് ആസ്ഥാനത്ത് കുമിഞ്ഞുകൂടുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍. കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളിലും ഒരു മാസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഈ മാസം ചെയ്യേണ്ട ജോലിയുടെ പട്ടിക തയാറാക്കി അഞ്ചു ദിവസത്തിനകം അറിയിക്കാനും നിര്‍ദ്ദേശിച്ചു.

രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷനില്‍നിന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്നതു സംബന്ധിച്ച് വിവാദം തുടരുകയാണ്. ഇതിനിടെയാണ് പുതിയ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button