തിരുവനന്തപുരം : പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ അമേരിക്കൻ ഡോക്യുമെന്ററി ലൈഫ് ആനിമേറ്റഡും , ബംഗാളി ഹ്രസ്വ ചിത്രം ‘സഖിസോണ’യും ഉദ്‌ഘാടന ചിത്രങ്ങളായി പ്രദർശിപ്പിക്കും.
ഓട്ടിസം ബാധിച്ച മകൻ ഓവൻ സസ്കിന്ദിനെ കുറിച്ച് പത്രപ്രവർത്തകനായ റോണ് സസ്കിന്ദ് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി റോജർ റോസ് വില്യംസ് സംവിധാനംചെയ്ത 91 മിനിറ്റ് ദൈർഘ്യമുള്ള ‘ലൈഫ്, ആനിമേറ്റഡി’ന് മികച്ച ഡോക്യമെന്ററിക്കുള്ള ഓസ്കാർ നോമിനേഷനും , വിവിധ ചലച്ചിത്രമേളകളിലായി 25 ഓളം അവാർഡുകളും ലഭിച്ചിട്ടുണ്ട്.
സ്ത്രീവിമോചന ആശയങ്ങൾ ഉൾക്കൊണ്ട് പ്രാന്തിക് ബസു സംവിധാനം ചെയ്ത ചിത്രമാണ് സഖിസോണ. പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്ന് കാമുകനോടൊത്ത് ഒളിച്ചോടുന്ന സഖിസോണ എത്തിപ്പെടുന്നത് കാടിനരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിലാണ്. ഒരു ദിവസം ചുള്ളിക്കമ്പ് പെറുക്കാൻ കാട്ടിലേക്കു പോയപ്പോൾ കാടിന്റ നിഗൂഢതകൾ ഒരു മരം അവളോട് വെളിപ്പെടുത്തുന്നു. യാഥാർഥ്യവും മിത്തും എങ്ങനെ സഹവർത്തിക്കുന്നുവെന്ന് കാട്ടിത്തരുന്ന 26 മിനിറ്റ് ദൈർഘ്യമുള്ള സഖിസോണ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ടൈഗർ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
Post Your Comments