കൗറി: ഐഫെൽ ഗോപുരത്തെക്കാൾ ഉയരമുള്ള പാലം വരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ജമ്മു–കശ്മീരിലെ ചെനാബ് നദിക്കു കുറുകെയാണ് വരുന്നത്. 2019ൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നദിതടത്തിൽ നിന്ന് 395 മീറ്റർ ഉയരമുള്ള പാലത്തിനു പാരിസിലെ ഐഫെൽ ഗോപുരത്തെക്കാൾ 30 മീറ്റർ ഉയരമുണ്ട്. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലത്തിന്റെ നിർമാണം.
1250 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 1.3 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ 60 ശതമാനത്തിലേറെ പണി പൂർത്തിയായി. വിവിധ ഷിഫ്റ്റുകളിലായി 300 എൻജിനീയർമാരും 1300 ജോലിക്കാരും ചേർന്ന് 24 മണിക്കൂറും ജോലി ചെയ്താണ് പദ്ധതി സമയത്തു പൂർത്തീകരിക്കാൻ ശ്രമം നടത്തുന്നത്. 2004ൽ നിർമാണം ആരംഭിച്ച പാലത്തിന്റെ പണി 2008ൽ നിർത്തി വച്ചിരുന്നു.
ഈ ഭാഗത്തെ അതിശക്തമായ കാറ്റിൽ റെയിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയർന്നതോടെയാണ് പണി നിർത്തിവച്ചത്. കാറ്റിന്റെ ഗതിവേഗം മണിക്കൂറിൽ 90 കിലോമീറ്ററിനു മുകളിലെത്തുമ്പോൾ ട്രെയിൻസർവീസ് നിർത്തി വയ്ക്കാമെന്ന നിബന്ധനയിൽ പാലം പണി പുനരാരംഭിക്കുകയായിരുന്നു. കാറ്റിന്റെ ഗതി കണക്കാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.
Post Your Comments