തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരത് പവാർ ഇടപെടുന്നു. മഹാരാഷ്ട്രയിലെ ബാങ്കുകളിൽനിന്നു 1600 കോടി രൂപ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കാമെന്നാണു എൻസിപിയുടെ ദേശീയ അധ്യക്ഷൻ കൂടിയായ ശരദ് പവാറിന്റെ വാഗ്ദാനം.
മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചർച്ച പൂർത്തിയായി. ഈയാഴ്ച പലിശയും തിരിച്ചടവു കാലാവധിയും മറ്റും തീരുമാനിക്കാൻ ധന, ഗതാഗത ഉദ്യോഗസ്ഥർ മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചർച്ച നടത്തും. 4000 കോടി രൂപയാണ് കെഎസ്ആർടിസിയുടെ നിലവിലുള്ള കടം. ഇതിൽ പല ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി എടുത്ത ഹ്രസ്വകാല വായ്പ 1600 കോടി വരും.
പ്രതിദിനം 2.61 കോടിയാണ് ഇതിന്റെ പലിശയിനത്തിൽ കെഎസ്ആർടിസി അടയ്ക്കുന്നത്. പ്രതിദിന വരുമാനം ശരാശരി അഞ്ചരക്കോടി രൂപ മാത്രമാണ് . ഈ വായ്പകൾ ദീർഘകാല വായ്പയെടുത്തു തിരിച്ചടച്ചാൽ ശമ്പളത്തിനുള്ള തുക കെഎസ്ആർടിസി വരുമാനത്തിൽനിന്നു തന്നെ കണ്ടെത്താനാകുമെന്നും എല്ലാ മാസവും വായ്പയ്ക്കായി അലയേണ്ടി വരില്ലെന്നുമാണ് വിലയിരുത്തൽ.
Post Your Comments