ദുബായ് : ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അറ്റലസ്സ് രാമചന്ദ്രന്‍ ജയിലിലായിട്ട് രണ്ട് വര്‍ഷമാകുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ തന്നെ അദ്ദേഹം മലയാളികളുടെ മനസ്സിലേയ്ക്ക് ചേക്കേറുകയായിരുന്നു.
ഇന്ത്യയിലും വിദേശത്തും വന്‍കിട ബിസിനസ്സ് നടത്തുന്ന ഷെട്ടി ഗ്രൂപ്പ് അദ്ദേഹത്തെ സഹായിക്കാമെന്ന് ഏറ്റിട്ടുള്ളതിനാല്‍ അറ്റ്ലസ് രാമചന്ദ്രന്‍ നായരുടെ ജയില്‍ ജീവിതം ഉടന്‍ അവസാനിച്ചേക്കും എന്നാണ് കണക്കുകൂട്ടലുകള്‍. അതിനുള്ള വഴികള്‍ പലതും തുറന്ന് കഴിഞ്ഞു.
യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 550 മില്യണ്‍ ദിര്‍ഹം വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കേസില്‍ ആയിരുന്നു രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലായത്. ഏതാണ്ട് ആയിരം കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് കേസ്.
2015 ഓഗസ്റ്റ് 23 നാണ് അറ്റ്ലസ് രാമചന്ദ്രന്‍ നായരേയും മകളേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
രാമചന്ദ്രന്‍ നായരെ പുറത്തിറക്കാന്‍ വേണ്ടി കുടുംബം ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. അറ്റ്ലസ് ഗ്രൂപ്പിന്റെ വസ്തുവകകള്‍ വിറ്റ് പണം കണ്ടെത്താന്‍ നടത്തിയ നീക്കങ്ങള്‍ പോലും അന്ന് പരാജയപ്പെട്ടു.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ മാത്രമായിരുന്നു മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചത്. മറ്റ് കേസുകളില്‍ കൂടി വിധിവന്നാല്‍ നാല്‍പത് വര്‍ഷത്തോളം ശിക്ഷ കിട്ടും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
രാമചന്ദ്രന്‍ നായരുടെ അറസ്റ്റോടെ അറ്റ്ലസ് ജ്വല്ലറികളുടെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി.പലയിടത്തും ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നു. ഷോപ്പുകള്‍ ആവശ്യത്തിന് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ പൂട്ടുകയും ചെയ്തു.
അറ്റ്ലസ് രാമചന്ദ്രന്‍ നായര്‍ക്ക് പുറത്തിറങ്ങാനുള്ള വഴിയാണ് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഭൂരിഭാഗം കേസുകളും ഒത്തുതീര്‍പ്പിലെത്തിക്കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ പുറത്ത് വിടുന്ന വിവരം.
ഒട്ടുമിക്ക ബാങ്കുകളുമായിട്ടും ഇപ്പോള്‍ ഒത്തുതീര്‍പ്പായിട്ടുണ്ടെന്നാണ് വിവരം. രണ്ട് ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് സമ്മതം മൂളിയാല്‍ രാമചന്ദ്രന്‍ നായര്‍ക്ക് പുറത്തിറങ്ങാനാവും എന്നാണ് സൂചന.
രാമചന്ദ്രന്‍ നായര്‍ പുറത്തിറങ്ങിയാല്‍ തന്നെ പാതി പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് സൂചന. അദ്ദേഹത്തിന്റെ പേരിലുള്ള ആസ്തികള്‍ പാതി വിറ്റാല്‍ തന്നെ ബാങ്കുകളുടെ കടം നല്‍കിത്തീര്‍ക്കാന്‍ സാധിക്കും.
Post Your Comments