തൃശൂര്‍: പരസ്യക്കരാര്‍ ഇടപാടില്‍ സംഗീത നാടക അക്കാദമിക്ക് കോടികളുടെ നഷ്ടമെന്ന് എ.ജി. സര്‍ക്കാറിന് 3.78 കോടി രൂപ സംഗീത നാടക അക്കാദമി ആസ്ഥാനത്തിന്റെ ചുറ്റുമതിലില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്കിയ വകയിൽ നഷ്ടം വന്നുവെന്ന് അക്കൗണ്ടന്റ് ജനറല്‍. സര്‍ക്കാര്‍ നിരക്ക് പ്രകാരമായിരുന്നെങ്കില്‍ 3.87 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വെറും ഒമ്പത് ലക്ഷം രൂപക്ക് കരാര്‍ കൊടുത്തതിലൂടെ തൃശൂരിലെ ഷാ ഒൗട്ട്ഡോര്‍ അഡ്വര്‍ടൈസിങ് എന്ന സ്ഥാപനം അവിഹിതമായി കോടികളുടെ ലാഭമുണ്ടാക്കി.
2010ല്‍ അന്തര്‍ദേശീയ നാടകോത്സവം നടക്കുമ്പോള്‍ റോഡില്‍നിന്ന് വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും കടന്നുവരുന്നത് ഒഴിവാക്കാനെന്ന പേരില്‍ ടെന്‍ഡര്‍ വിളിക്കാതെയും സര്‍ക്കാര്‍ നിരക്ക് മാനിക്കാതെയുമാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. 2400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട് ചുറ്റുമതിലിന്.
2014ല്‍ കോര്പറേഷന് മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ചതുരശ്ര മീറ്ററിന് 1,000 രൂപയും അതിന് മുൻപ് 120 രൂപയുമായിരുന്നു.
മത്സരാധിഷ്ഠിത ടെന്‍ഡര്‍ വിളിച്ച് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്നവര്ക്കായിരിക്കണം കരാര്‍ കൊടുക്കേണ്ടത് എന്ന വ്യവസ്ഥ അവഗണിച്ച് ഏകപക്ഷീയമായാണ് ഇവരുമായി കരാര്‍ ഉണ്ടാക്കിയത്. 2010 ഒക്ടോബര്‍ 11ന് നല്കിയ ഒമ്പത് ലക്ഷമല്ലാതെ മറ്റൊന്നും ഇവര്‍ നല്‍കിയിട്ടില്ല.
പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോൾ അക്കാദമി ചെയര്മാന് നടന് മുകേഷും സെക്രട്ടറി കവി രാവുണ്ണിയുമായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ 2010 ജൂലൈ 19ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനം എടുത്തത്.12 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയില്‍നിന്ന് ചെയര്മാന്, വൈസ് ചെയര്മാന്, സെക്രട്ടറി, രണ്ട് അംഗങ്ങള്‍ അടക്കം അഞ്ചുപേര്‍ ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്.
Post Your Comments