Latest NewsNewsGulf

നവയുഗം രക്ഷയ്ക്കെത്തി; ദുരിതപ്രവാസത്തിൽ നിന്നും രക്ഷപ്പെട്ട് നസീറ ബീവി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•പ്രവാസം  ദുരിതങ്ങൾ മാത്രം സമ്മാനിച്ചപ്പോൾ ജീവിതം വഴിമുട്ടി ബുദ്ധിമുട്ടിലായി മലയാളി വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെ ശക്തമായ ഇടപെടലിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി നസീറ ബീവി ഒൻപതു മാസങ്ങൾക്ക് മുൻപാണ്,   റാസ് തനൂറയിലെ ഒരു വീട്ടിൽ ജോലിക്കാരിയായി സൗദി അറേബ്യയിലെത്തിയത്.  മോശം സാമ്പത്തികസ്ഥിതിയിൽ ആയിരുന്ന സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയോടെയാണ് അവർ  പ്രവാസലോകത്ത് എത്തിയത്.

എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി മോശം ജോലി സാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. രാപകൽ വിശ്രമമില്ലാത്ത അതികഠിനമായ ജോലിയും, മതിയായ ആഹാരം പോലും കിട്ടാത്ത അവസ്ഥയും കാരണം അവർ ഏറെ ബുദ്ധിമുട്ടി. അതിന് പുറമെ സ്‌പോൺസറുടെ ഭാര്യയുടെ എപ്പോഴുമുള്ള അനാവശ്യ ശകാരങ്ങളും, ചിലപ്പോൾ മർദ്ദനവും അവർക്ക് നേരിടേണ്ടി വന്നു. ഒരു ദിവസം സഹികെട്ട് പ്രതിഷേധിച്ചപ്പോൾ, സ്പോൺസർ നസീറയെ പിടിച്ചു തള്ളുകയും, ചുവരിൽ തലയടിച്ചു വീണ അവർ ബോധരഹിതയാവുകയും ചെയ്തു. തുടർന്ന് ആ വീട്ടുകാർ അവരെ റാസ്‌ തനൂറയിലെ ഒരു ആശുപത്രിയിൽ കൊണ്ടുചെന്നാക്കി. തലയ്ക്കകത്ത് രക്തം കട്ടപിടിച്ചു എന്ന് കണ്ടതിനെത്തുടർന്ന്, അവരെ സെൻട്രൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. 15 ദിവസം അവർ അവിടെ ചികിത്സയിൽ കിടന്നു.

ആശുപതിയിൽ കണ്ട ഒരു മലയാളി നഴ്സിന്റെ സഹായത്തോടെ നസീറ നാട്ടിലേയ്ക്ക് വിളിച്ചു വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു. നസീറയുടെ ഒരു അകന്ന ബന്ധു ദമ്മാം കൊദരിയയിൽ ജോലി ചെയ്തിരുന്നു. നാട്ടിലെ നിന്നും വിവരങ്ങൾ അറിഞ്ഞ അയാൾ, നവയുഗം സാംസ്കാരികവേദി കൊദരിയ യൂണിറ്റിനോട്  സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്ന്, നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ  ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയൽ,  പദ്മനാഭൻ മണിക്കുട്ടൻ, അഷറഫ് തലശ്ശേരി, റിജേഷ് കണ്ണൂർ എന്നിവർ നസീറയെ ആശുപത്രിയിൽ സന്ദർശിച്ചു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും, അവിടെ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ നസീറയുടെ സ്പോണ്സറുമായി ഫോണിൽ സംസാരിയ്ക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഒരു സഹകരണത്തിനും തയ്യാറായില്ല. തുടർന്ന് സൗദി പോലീസിന്റെ സഹായത്തോടെ നവയുഗം പ്രവർത്തകർ, നസീറയെ ആശുപത്രിയിൽ നിന്നും വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റി.

മഞ്ജു മണിക്കുട്ടൻ അഭയകേന്ദ്രം അധികാരികളെകൊണ്ട്  നസീറയുടെ സ്പോണ്സറെ വിളിപ്പിച്ചിട്ടും അയാൾ അഭയകേന്ദ്രത്തിൽ വന്നില്ല. തുടർന്ന് അഭയകേന്ദ്രം അധികാരികൾ അയാളുടെ സർക്കാർ സേവനങ്ങൾ ബ്ലോക്ക് ചെയ്തു. ഗത്യന്തരമില്ലാതെ സ്പോൺസർ അഭയകേന്ദ്രത്തിൽ വരികയും, നസീറയ്ക്ക് എക്സിറ്റ് അടിച്ചു നൽകാൻ നിർബന്ധിതനാകുകയും ചെയ്തു.

നവയുഗം കൊദരിയ സനയ്യ യൂണിറ്റ് പ്രവർത്തകനായ N. മുരുകൻ നസീറയ്ക്കുള്ള  വിമാനടിക്കറ്റ്  സ്പോൺസർ ചെയ്തു. യൂണിറ്റ് പ്രവർത്തകർ അവർക്ക് നാട്ടിലേയ്ക്ക്  കൊണ്ടുപോകാനുള്ള ബാഗും, സാധനങ്ങളും നൽകി.

നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് നസീറ ബീവി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button