ചെന്നൈ: മലേഷ്യന്‍ സര്‍ക്കാര്‍ രാജ്യത്തെ 23 റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി ഏറ്റെടുക്കാന്‍ രംഗത്ത്. ചെന്നൈ സെന്‍ട്രലും കോഴിക്കോടും ഇതിൽ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഇന്ത്യ-മലേഷ്യ സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തിലാണ് നടപ്പാക്കുകയെന്നാണ് റെയില്‍വേ ബോര്‍ഡില്‍നിന്ന് ലഭിക്കുന്ന വിവരം.
45 വര്‍ഷത്തേക്ക് നവീകരണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്തുള്ള സ്ഥലം വിട്ടുകൊടുക്കും. ഇവിടെ വാണിജ്യസ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. ഇവയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് സ്റ്റേഷനുകളുടെ നവീകരണം നടപ്പാക്കുക. റെയില്‍വേയ്ക്കുതന്നെയായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം.
400 സ്റ്റേഷനുകളുടെ സമഗ്രനവീകരണമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ലക്ഷ്യമിടുന്നത്. ഇതില്‍ മലേഷ്യ ഏറ്റെടുക്കുന്നത് ആദ്യഘട്ടത്തിലുള്ള 23 സ്റ്റേഷനുകളുടെ ചുമതലയാണ്. 10,000 കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നു.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ നവീകരിക്കാന്‍ റെയില്‍വേ വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. മലേഷ്യക്ക് സ്റ്റേഷനോട് ചേര്‍ന്ന് മൂര്‍മാര്‍ക്കറ്റ് കോംപ്ലക്‌സിനടുത്ത് റെയില്‍വേയുടെ അധീനതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുക്കുക. സ്ഥലവും ഇവിടെ നിര്‍മിച്ച കെട്ടിടങ്ങളും 45 വര്‍ഷത്തിനുശേഷം റെയില്‍വേക്ക് തിരികെനല്‍കണമെന്നാണ് വ്യവസ്ഥ.
നിലവിലുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി, ശുചീകരണം, നല്ല ഭക്ഷണശാലകള്‍, ശീതീകരിച്ച കാത്തിരിപ്പ് ഹാള്‍, അടിയന്തര വൈദ്യസഹായം, സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങി വിവിധ കാര്യങ്ങളാണ് നവീകരണത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനായി 350 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.
Post Your Comments