തിരുവനന്തപുരം: കർണാടകയിലെ നഴ്‌സിങ് കോളേജുകളുടെ പേരിൽ ചതിയിൽ അകപ്പെട്ട മലയാളി വിദ്യാർത്ഥികൾ എന്നാണ് പാഠം പഠിക്കുക?.
അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് ചേർന്ന് വഞ്ചിക്കപ്പെട്ടിട്ടും വീണ്ടും ഇത്തരം കെണിയിൽ പോയി കുടുങ്ങുകയാണ് പലരും. ഏറ്റവും ഒടുവിൽ വിദ്യാർത്ഥികളുടെ ശബ്ദരേഖ പുറത്തുവന്നതോടെ നഴ്‌സിങ് തട്ടിപ്പിന്റെ വിവരം കൂടിയാണ് പുറത്തുവന്നത്. കോളേജിൽ ചേരുന്ന വേളയിൽ വാഗ്ദാനം ചെയ്തിരുന്ന സ്‌കോളർഷിപ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതി പറയാൻ ഫോണിൽ വിളിച്ചപ്പോൾ നഴ്സിങ് കോളേജ് വിദ്യാർത്ഥിനികളോട് ഇസിആർ കോളേജ് ചെയർമാൻ കൂടിയായ മധുഭാസ്‌ക്കർ തെറിവിളിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഭീഷണിപ്പെടുത്തി പരാതി ഒതുക്കാൻ ശ്രമിച്ച മധുഭാസ്‌ക്കറിന് വിദ്യാർത്ഥിനികൾ തന്നെ പണി കൊടുത്തു. ശബ്ദരേഖ സോഷ്യൽമീഡിയ വഴി അതിവേഗം പ്രചരിക്കുകയാണിപ്പോൾ.
അംഗീകാരമുള്ള നഴ്‌സിങ് കോളേജെന്നും സ്‌കോളർഷിപ്പുണ്ടെന്നും പറഞ്ഞാണ് ഇയാൾ നഴ്‌സിംഗിലേക്കും, ഏവിയേഷൻ അടക്കമുള്ള കോഴ്‌സുകളിലേക്കും ആളെ കൂട്ടുന്നത്. ഇങ്ങനെ വാഗ്ദാനം ചെയ്ത് വമ്പൻ ഫീസ് വാങ്ങി വിദ്യാർത്ഥികളെ ചാക്കിലാക്കിയ മധുഭാസ്‌ക്കർ സ്‌കോളർഷിപ്പ് നൽകാതിരുന്ന ഘട്ടത്തിൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പുറത്തുവന്ന ശബ്ദരേഖയിൽ പരാതിപ്പെട്ട വിദ്യാർത്ഥിനികളെ അധിക്ഷേപിച്ച് തെറിവിളിക്കുന്നത് കേൾക്കാം. റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടും അത് വകവെക്കാതെ തെറിവിളി തുടരുകയാണ് മധുഭാസ്‌ക്കർ ചെയ്തത്.
കോളേജിൽ വിവിധ അനുബന്ധ കോഴ്സുകൾ ഉണ്ടെന്നും താനാണ് പ്രിൻസിപ്പൽ എന്നും അവകാശപ്പെട്ടാണ് മലയാളികളായ പെൺകുട്ടികളെ ആലപ്പുഴ സ്വദേശിയായ മധുഭാസ്‌കർ തന്റെ ഉടമസ്ഥതയിലുള്ള കർണാടക ഉഡുപ്പിയിലെ കോളേജിൽ ചേർത്തത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥിനികളെ ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ച് കർണാടത്തിലുള്ള കോളേജിലേക്ക് എത്തിച്ചിരുന്നു. ഇവിടെ പണം മുടക്കി അഡ്‌മിഷൻ എടുത്ത ശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പല വിദ്യാർത്ഥികളും അറിയുന്നത്. മതിയായ സൗകര്യമോ ഫാക്വൽട്ടിയോ പോലും ഇല്ലാതിരുന്നു എന്ന ആരോപണവുമുണ്ട്.
ഇതിനിടെയാണ് വാഗ്ദാനം ചെയ്ത സ്‌കോളർഷിപ്പ് തുക ലഭിക്കാതെ വന്നത്. ഇതോടെ സ്‌കോളർഷിപ് തുക നൽകണമെന്ന് ആവശ്യപ്പെട്ട് മധു ഭാസ്‌കറിനെ വിദ്യാർത്ഥികൾ ഫോൺ ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികളോട് ഒന്നും രണ്ടും അധ്യയന വർഷങ്ങളിലെ സ്‌കോളർഷിപ്പ് തുക നൽകിയതാണെന്നും മൂന്നാം വർഷം നല്കാതിരിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും മധു ഭാസ്‌ക്കർ വിവരിച്ചു. ഇതിനിടയിൽ ഇപ്പോൾ തന്നെ ഉറപ്പു നൽകണമെന്നും അല്ലെങ്കിൽ അടുത്ത ദിവസം കോളേജിൽ നേരിട്ട് വരണമെന്നും പെൺകുട്ടികൾ ആവശ്യപ്പെട്ടതോടെയാണ് ഇയാൾ തെറിവിളി തുടങ്ങിയത്.
വിദ്യാർത്ഥിനികളുടെ മാതാപിതാക്കളെ അടക്കം അപമാനിക്കുന്ന വിധത്തിലാണ് മധുഭാസ്‌ക്കർ സംസാരം തുടങ്ങിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള തെറിയഭിഷേകം മധു ഭാസ്‌കർ ആരംഭിക്കുന്നത്. തെറിവിളി തുടർന്നതോടെ വിദ്യാർത്ഥികൾ തങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിവരവും പറഞ്ഞു. എന്നാൽ, അതൊന്നും വകവെക്കാതെ മധു ഭാസ്‌ക്കർ തെറിവിളിച്ചു. താങ്കളുടെ മകളോട് ഇങ്ങനെ പറയുമോ, ഫോൺ കാൾ റെക്കോർഡ് ചെയ്യുന്നുണ്ട്, പൊലീസിൽ പരാതി നൽകും എന്നൊക്കെ പറഞ്ഞിട്ടും ഇയൾ തെറിവിളിക്കുകയാിരുന്നു. പെൺകുട്ടികൾ വിശദീകരിക്കുമ്പോഴും മധു ഭാസ്‌കർ തെറിവിളി തുടരുകയാണ്. ‘നീയൊക്കെ പഠിച്ചു പാസായി കോഴ്‌സ് കംപ്ലീറ്റ് ചെയ്യാത്തില്ലെടീ’ എന്നു പറഞ്ഞ് ഭീഷണി തുടർന്നു.
ആലപ്പുഴ സ്വദേശിയായ മധുഭാസ്‌ക്കർ നഴ്‌സിങ് കോഴ്‌സുകളായി തുടങ്ങി പണം സമ്പാദിച്ച വ്യക്തിയായിരുന്നു. ഇതിനിടെയാണ് കർണാടകയിൽ കോളേജ് തുടങ്ങിയത്. പിന്നീട് കോളേജിന്റെ ചെയർമാനായി വിലസുകയായിരുന്നു. ഈ ചതിയിൽ വീണ് നിരവധി രക്ഷിതാക്കൾക്കും പണം നഷ്ടമായി. ഇസിആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ പി എച്ച് വാർഡിലെ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന് എതിർവശത്തുള്ള സുഹ കോംപ്ലെക്സിലാണ്. മാനേജ്മെന്റ്, ഏവിയേഷൻ, നഴ്സിങ് കോളേജുകൾ ഉൾപ്പെടുന്ന ഇസിആർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ പ്രവർത്തിക്കുന്നതു കർണാടകയിൽ ഉഡുപ്പി ജില്ലയിലെ കോട്ടേശ്വറിലുമാണ്.
ഇസിആർ ചെയർമാന്റെ തെറിവിളി ഓഡിയോ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിച്ചതോടെ കടുത്ത എതിർപ്പാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. മധുഭാസ്‌ക്കറിന്റെ ഫേസ്‌ബുക്ക് പേജിലും പൊങ്കാലകളുടെ ബഹളമാണ്. ചതിയന്മാരായ ഏജന്റുമാരുടെ കെണിയിൽ പെടാതിരിക്കാൻ ഇതൊരു ഉണർത്തുപാട്ടാകണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയുരുന്നുണ്ട്. സ്‌കോളർഷിപ്പ് ലഭിക്കാതെ വഞ്ചിക്കപ്പെട്ടവർ നിയമനടപടിയുമായി മുന്നോട്ടു പോകാൻ ഒരുങ്ങുന്നു. ഇയാളുടെ ഭാര്യ മഹിമ മധുവും കോളേജുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
Post Your Comments