Latest News

അവര്‍ ആരും മൊബൈല്‍ എടുക്കുന്നത് കണ്ടില്ല, വായിക്കാതെ പോകരുത് രഘുനാഥ് പലേരിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

തിരക്കഥാകൃത്ത് രഘുനാഥ് പലേരി മുന്‍പൊരിക്കല്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കാലിക പ്രസക്തിയുള്ള ഈ കുറിപ്പ് വളരെ വ്യത്യസ്തമായിട്ടാണ് രഘുനാഥ് പലേരി അവതരിപ്പിച്ചിരിക്കുന്നത്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നിലത്തൊരു തുള്ളി വെള്ളം.
അതിനകത്തൊരു ഉറുമ്പ് കുടുങ്ങി പിടയുന്നു.
വിരൽ തൊട്ട് ഉറുമ്പിനെ എടുത്ത് മാറ്റിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആ വഴി മറ്റൊരു ഉറുമ്പ് പെട്ടെന്ന് വന്നു. അവൻ വെള്ളത്തുള്ളിയിൽ കുടുങ്ങിയവനെ കണ്ടു. എന്നെക്കാൾ പരിഭ്രമത്തോടെ വെള്ളത്തുള്ളിക്ക് ചുറ്റും ധൃതിയിൽ ഒന്നു വട്ടം കറങ്ങി അതിൽ മുഖം മുട്ടിച്ചും മുട്ടിക്കാതെയും ഉള്ളിലെ ഉറുമ്പിനെ എത്തിപ്പിടിക്കാൻ ശ്രമിക്കേ, എവിടുന്നെന്നറിയില്ല മറ്റൊരുത്തൻ കൂടി ഓടിപ്പാഞ്ഞ് വന്ന് ആദ്യം വന്ന ഗംഗാധരനൊപ്പം കൂടി. പിന്നെ രണ്ടു പേരും കൂടിയായി വെള്ളത്തുള്ളിയോടുള്ള ഇടി.
രണ്ടാമൻ പവിത്രനാവാനാണ് സാധ്യത. ഗംഗാധരന്റെ അത്ര ശക്തി പോരെന്ന് തോന്നി. ചുറ്റുമുള്ള വായുവിലേക്ക് അവരിൽ നിന്നും റേഡിയോ സിഗ്നലുകളായി സന്ദേശം പോയെന്ന് തോന്നുന്നു. നോക്കി നിൽക്കേ മണികൺഠനും, ബ്രിജേഷും, ഔവ്വക്കറുമായി ആറേഴ് പേർ കൂടി അവിടേക്ക് ഓടിയെത്തി. അതിനകം വെള്ളത്തുള്ളിയിൽ കുടുങ്ങിയവന്റെ ദേഹം പാതിയോളം ഗംഗാധരനും പവിത്രനും ചേർന്ന് പുറത്തേക്ക് വലിെച്ചടുത്തിരുന്നു. അവരെ പിറകിൽ നിന്നും വരിവരിയായി നിന്ന് വന്നവരെല്ലാരും കൂടി കടിച്ചു പിടിച്ചു വലിച്ചതോടെ അപകടത്തിൽ പെട്ടവൻ ബ്ലുക്കെന്ന ശബ്ദത്തോടെ പുറത്തെത്തി. ശബ്ദം ഞാൻ കേട്ടില്ല. അവർ കേട്ടതാണ്. അതോടെ ഗംഗാധരൻ പിടി വിട്ടു. ബോധം പോയവൻ സാവകാശം എഴുന്നേറ്റു. ദേഹം കുടഞ്ഞു. എല്ലാവരേം നോക്കി ഒന്നു ചിരിച്ചു. പിന്നെ സാധാരണമട്ടിൽ അവർക്കൊപ്പം വരി തെറ്റാതെ അവരുടെ ലോകത്തേക്ക് ഓടിപ്പോയി.
എന്തുകൊണ്ടാണെന്നറിയില്ല.
ആരും മൊബൈൽ എടുക്കുന്നത് കണ്ടില്ല.
വെറുതെ നോക്കി നിൽക്കുന്നത് കണ്ടില്ല.
കാഴ്ച്ചക്കാരായി മാറുന്നത് കണ്ടില്ല.
അവർക്കെല്ലാം ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു.
അപകടത്തിൽ പെട്ടത് അവർ ഓരോരുത്തരും ആയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button