മിശ്ര വിവാഹത്തിൽ അത്ര വലിയ പ്രശ്നങ്ങൾ ഉണ്ടോ..? ഈ ചോദ്യത്തിന് എന്ത് ഉത്തരം ആണ് പറയേണ്ടത് എന്ന് ആലോചിച്ചേ പറ്റൂ.. അദ്ധ്യാപിക ശിഷ്യയോട് കാലത്തിനും അപ്പുറം നിന്ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കണം എന്നാണ് ആഗ്രഹം.. പക്ഷെ..ചവിട്ടി നിൽക്കുന്ന മണ്ണും കാണുന്ന കാഴ്ച്ചകളും അനുവദിക്കുന്നില്ല.
ഇവിടെ , പെണ്ണ് ക്രിസ്ത്യാനി ആണ്..
പുരുഷൻ ഹിന്ദുവിൽ തന്നെ ഉയർന്ന ജാതി..,ഇരുകൂട്ടർക്കും
വിവാഹം ആലോചിക്കുക ആണ് വീടുകളിൽ…പ്രണയ കാര്യം തുറന്നു പറയണം..
എതിർക്കാൻ ജാതിയും മതവും അല്ലാതെ മറ്റു പ്രശ്നങ്ങൾ ഇല്ല എന്ന് ഇരുപതുകാരി കാമുകി സമാധാനിക്കുന്നു..
രണ്ടു പേർക്കും ഉടനെ ജോലി ആകും..
കുടുംബ മഹിമ ഉണ്ട്..
സാമ്പത്തിക സ്ഥിതി മാത്രം തന്റേത് കുറവാണ്…
പയ്യന്റെ വീട്ടിലാണ് പെണ്ണിന്റെ വീട്ടിലെക്കാൾ, സാമ്പത്തികം..!
ഞാൻ എന്താണ് പറയേണ്ടത്..?
വാരിക്കുഴിയിൽ ആണ് മോളെ നീ വീഴാൻ പോകുന്നത് എന്ന് പറയണമെന്നുണ്ട്…
തെക്കൻ ജില്ലകളിൽ , എക്കാലത്തും സ്ത്രീധനസമ്പ്രദായം ഉയരത്തിൽ തന്നെ ആണ്..
അതൊരു പ്രത്യേക ലോകമാണ്..അതിനു മരണമില്ല…നാശമില്ല..മനുഷ്യരുടെ അത്യാർത്തി കൂടി വരുന്ന കാലത്തോളം…! എത്ര ദീനമായ , നിസ്സഹായമായ ശബ്ദങ്ങൾ , അതിലെ അനുഭവങ്ങൾ പങ്കുവെയ്ക്കാറുണ്ട്..
ജീവിച്ചിരിക്കുന്നവർ മാത്രമാണോ..?
സ്ത്രീധന പീഡന കഥകൾ അധികവും പറയാനുള്ളത്,
മരിച്ചവർക്കല്ലേ..! എത്ര കൊലപാതകങ്ങൾ… എത്ര കൊലപാതകങ്ങൾ ,ആത്മഹത്യ ആയി മാറിയിരിക്കുന്നു..
ജാതിയും മതവും ആണോ സ്ത്രീധനം ആണോ പ്രശ്നം എന്ന് ചോദിച്ചാൽ,
ജാതിയും മതവുമൊക്കെ കപടമായ മേലങ്കി കൊണ്ട് ആവരണം ചെയ്തിരിക്കുക ആണ്.. മറ്റെന്തൊക്കെയോ നേടി എടുക്കാൻ..
പണത്തിനു മേൽ , അതൊക്കെ ഒന്നുമില്ലാതെ ആകും.. ഇനി തുട്ടു കുറവെങ്കിലോ…നെടുവീർപ്പും , ദുരിതവും , അപമാനവും ,ജാതിയുടെയും മതത്തിന്റെയും പേരിൽ തന്നെ യഥേഷ്‌ടം ഉണ്ടാകും..
നീന്തൽ അറിയുന്നവൻ നീന്തി കര കയറും.. അല്ലാത്തവർ , അതിൽ തന്നെ പെട്ട് ശ്വാസം കിട്ടാതെ ഒടുങ്ങും..
തെക്കൻ ജില്ലയായ തിരുവനന്തപുരത്ത് ,വിവാഹം ഉറപ്പിച്ച് കഴിഞ്ഞാൽ.., ഒരു ദിവസം കാരണവർ എത്തുകയാണ് പെണ്ണിന്റെ വീട്ടിൽ നിന്നും.. അവളുടെ , കുടുംബത്തിലുള്ള വസ്തുവകകൾ ഉള്പടെ അവൾക്കു എന്തൊക്കെ സ്ത്രീധനം കൊടുക്കും എന്ന് പയ്യന്റെ വീട്ടിൽ നിരത്താൻ..
വിവാഹം കഴിഞ്ഞാൽ . സ്വർണ്ണം മുഴുവൻ അമ്മായിവീട്ടുകാർ തൂക്കി നോക്കുമത്രേ..മുക്ക് പണ്ടം ഉണ്ടോന്നു അറിയണമല്ലോ..
വിവാഹം കൊണ്ട് തീർന്നില്ല….ഗർഭം , ആയാൽ , അത് ഒരു ചടങ്ങാണ്.. പയ്യന്റെ വീട്ടുകാർ അറിയിക്കും..മകൾ ഗർഭിണി ആണെന്ന് ..!അന്നേരം സമ്മാനവുമായി പയ്യനെ കാണാൻ എത്തണം..
തുടർന്ന് ഓരോ മാസത്തിലും , ഓരോരോ ചടങ്ങാണ്..
പ്രസവിച്ചു കഴിഞ്ഞാൽ തീരുമോ..?തുടർന്ന് കൊണ്ടേ ഇരിക്കും..
ചില ഹിന്ദു സമുദായത്തിന്റെ രീതി ആണത്രേ..
ഇതിൽ , എന്തെങ്കിലും ഒരു വീഴ്ച്ച ഉണ്ടായാൽ ,
ഗുരുതരമായ ആരോപണങ്ങൾ പിന്നെ ,ആയുഷ്കാലം പെണ്ണ് കേൾക്കേണ്ടിയും വരും..
സാധാരണക്കാർക്ക് , ബുദ്ധിമുട്ടാണ് ,പലപ്പോഴും ആചാരങ്ങളുടെ പേരിൽ കാണിക്കുന്ന പേക്കൂത്തുകൾ..
കാരണം.ഇതിന്റെ ഒക്കെ പിന്നിലുള്ള പണച്ചിലവുകൾ തന്നെ..!
ഒഴുക്കാൻ ധനം ഉണ്ടോ..?
എല്ലാ മാമൂലുകളും മാറ്റി എഴുതി , സൗകര്യത്തിനു ആക്കും..
കേരളത്തിലെ എഴുതപ്പെടാത്ത നിയമം എന്നത് , വിവാഹങ്ങളിൽ അധികാരം കൂടുതൽ ആൺകൂട്ടർക്കു എന്നാണ്..അതൊരു ലഹരി ആണ് പലർക്കും..
അടിമയായി പെൺവീട്ടുകാർ നിന്ന് കൊടുക്കുന്നടുതോളം കാലം..
പല കുടുംബ ബന്ധങ്ങളിലും വിള്ളൽ ഉണ്ടാകുന്നത്, ഇതിന്റെ ഒഴുക്ക് പോലെ ആണ്…
എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയിട്ട് ,ഒടുവിൽ കാരണവർ , ഒത്തുതീർപ്പിനു എത്തുകയും ചെയ്യും..
ഇതൊക്കെ മാറിയിട്ടില്ല.കൂടി കൂടി വരിക ആണ്..സാക്ഷരതയും ഇതും തമ്മിൽ ബന്ധം ഇല്ല..
വിളക്ക് കൊളുത്തിയിട്ടു മൂടി പാറ കൊണ്ട് മൂടി വെയ്ക്കുന്ന പോലെ..
വടക്കൻ ജില്ലകളിൽ സ്ത്രീധന പിശാച് കുറവാണു..അത് കൊണ്ട് തന്നെ ഇത്തരം ദുരന്തങ്ങൾ വലുതായിട്ടില്ല..
മേൽ പറഞ്ഞ കേസിൽ പെൺകുട്ടി , വടക്കുകാരി ആണ്..കാമുകൻ എന്റെ നാട്ടുകാരനും…
പ്രണയത്തിന്റെ കൊടുംചൂടിൽ , അവൾ അറിഞ്ഞിട്ടുണ്ടാകില്ല…
കാര്യത്തോട് അടുക്കുമ്പോൾ ജാതിയും മതവും ഒക്കെ എത്ര ഗുരുതരമായ നീക്കങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന്.. ഇത്തരം വികലമായ സമൂഹത്തെ കുറിച്ചുള്ള അജ്ഞതയിൽ നിൽക്കുന്നവളോട് എവിടെ മുതൽ പറഞ്ഞു കൊടുക്കേണ്ടി വരും എന്ന് അറിയില്ല.. വിവാഹമോചനത്തിലേക്ക് എത്തുന്ന എത്രയോ കേസുകൾ കാണുന്നു..
യുഗങ്ങളായിട്ട് , കാലങ്ങളായിട്ടു, പണത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ അരങ്ങേറുന്ന നാടകീയ മുഹൂർത്തങ്ങളും ,വിധിയുടെ ബലാത്കാരങ്ങളും , ജാതിയും മതവും ഏറ്റെടുക്കുന്നു എന്നേയുള്ളു..ഇന്ന് !
പ്രതികരിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ,പൊരുത്തപെട്ടു ജീവിക്കണമെങ്കിൽ കണ്ണും കാതും താനെ അടയണം..കേവലം ശിലകൾ ആയി നിലനിൽക്കണം..
അഹങ്കാരത്തിന്റെ തൂവൽ കൊഴിയണം എങ്കിൽ..മരണത്തിന് മുന്നിൽ നിൽക്കണം…ജീവിതത്തിന്റെ വില തിരിച്ചറിയുമ്പോൾ ,മനുഷ്യത്വം ആണ് ഏറ്റവും വലിയ മതം എന്ന് തിരിച്ചറിയും..!
അത് വരെ ഈ കോലാഹലങ്ങൾ അരങ്ങേറും…പണത്തിനോടുള്ള ആർത്തിയും അധികാര ലഹരിയും
നിറഞ്ഞു കൂടി വരുമ്പോൾ..ആയുധം ആക്കുക അല്ലെ മനുഷ്യൻ ജാതിയും മതവും..ആചാരങ്ങളും..
ചുരുക്കം പറഞ്ഞാൽ. ജാതിയും മതവും ഒന്നും പ്രശ്നമില്ല.. ഇട്ടു മൂടാൻ സ്വർണ്ണവും..തലമുറ കഴിയാൻ സ്വത്തും ഉണ്ടേൽ..
Post Your Comments