പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി മാനേജ്മന്റ്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കോളേജിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത 65 വിദ്യാർത്ഥികള്‍ക്ക് വിലക്ക്.
പരീക്ഷ എഴുതുന്നതിൽ നിന്നാണ് മാനേജ്‌മെന്റ് ഇവരെ വിലക്കിയിരിക്കുന്നത്. കൂടാതെ ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് ആരോപണ വിധേയനായി കോളേജിൽ നിന്നും പുറത്താക്കിയ അദ്ധ്യാപകനെയും മാനേജ്മെന്റ് തിരിച്ചെടുത്തു.
ജൂൺ മാസം അവസാനം പരീക്ഷ നടക്കാനിരിക്കെയാണ് നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള ഫാർമസി കോളേജിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് മാനേജ്മെന്റ് വിലക്കിയത്. ഒന്നാം വർഷ വിദ്യാർത്ഥികളായ 65 പേർക്ക് മതിയായ ഹാജരും ഇന്റേണൽ മാർക്കും ഇല്ലെന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റിന്റെ വിലക്ക്.
മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനാലാണ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഫാർമസി കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്. അടുത്ത മാസം പരീക്ഷ എഴുതാനിരിക്കുന്ന രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാർത്ഥികൾക്കും സമാനമായ നടപടി നേരിടേണ്ടി വരും.
Post Your Comments