ജ്യോതിര്‍മയി ശങ്കരന്‍
പാടലവര്‍ണ്ണത്തിന്റെ സൌകുമാര്യം വിളിച്ചോതുന്ന അഹമ്മദാബാദിലെ വല്ലഭായ് പട്ടേല്‍ മ്യൂസിയത്തിന്റെ കെട്ടിടത്തിനു പുറത്തേയ്ക്കു വന്നപ്പോള്‍ മുന്‍ വശത്തായി കണ്ട,കല്ലില്‍ തീര്‍ത്ത ത്രിവര്‍ണ്ണ നിറമാര്‍ന്ന ഇന്ത്യന്‍ ഭൂപടവും അതിനു മുന്നില്‍ സല്യൂട്ട് ചെയ്തു നില്‍ക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു. ഉച്ചവെയിലിന്റെ കാര്‍ക്കശ്യം ദേഹത്തെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.. മുന്‍ഭാഗത്തായി പരന്നു കിടക്കുന്ന പച്ചപ്പുല്‍ത്തകിടികളും അവയ്ക്ക് അതിരിട്ടെന്ന വണ്ണം നില്‍ക്കുന്ന മരങ്ങള്‍ നിഴല്‍ വിരിച്ച വഴിത്താരകളും മനസ്സിന്നുള്ളില്‍ കുളുര്‍മ്മയേകുന്നു.തട്ടു തട്ടായ ഗാര്‍ഡനിലെ പുല്‍ത്തകിടിയിലുടനീളം വരച്ചു വച്ചിരിയ്ക്കും വിധം കാണപ്പെട്ട കാഴ്ചപ്പനകളും പിങ്കു നിറത്തിലുള്ള പൂക്കളുള്ള ചെടികളും ഈ കോമ്പൌണ്ടിനെ കൂടുതല്‍ മനോഹരമാക്കിയതുപോലെ തോന്നിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ മെമ്മോറിയല്‍ എന്നെഴുതിയ വലിയ ബോര്‍ഡ്. പുറത്തുകടക്കുമ്പോള്‍ അടുത്ത ലക്ഷ്യം സബര്‍മതിആശ്രമമാണെന്ന ഓര്‍മ്മിപ്പിയ്ക്കല്‍ മനസ്സില്‍ സന്തോഷമുണര്‍ത്തി.
സബര്‍മതി നദിക്കരയിലെ ഈ ആശ്രമത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ദണ്ഡി മാര്‍ച്ച് ഓര്‍മ്മ വരാതെങ്ങനെ? മനസ്സില്‍ എന്നോ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ നിറമാര്‍ന്നുണരുന്നല്ലോ. 1930 ലെ ഉപ്പു സത്യാഗ്രഹം! ചരിത്രത്താളുകള്‍ക്കു മറക്കാനാകാത്ത ദിനങ്ങള്‍! അതുകൊണ്ടൊക്കെത്തന്നെയാവണം ഇന്നിതൊരു ദേശീയസ്മാരകമായി കണക്കാക്കപ്പെട്ടിരിയ്ക്കുന്നതും.സബര്‍മതി ആശ്രമം എന്നതു കൂടാതെ സത്യാഗ്രഹ ആശ്രമം, ഹരിജന്‍ ആശ്രമം എന്നൊക്കെ ഇതിനെ വിളിച്ചു വന്നിരുന്നു..1917ല്‍ ആണു സബര്‍മതി നദിക്കരയിലായി ഈ ആശ്രമം നിര്‍മ്മിയ്ക്കപ്പെട്ടത്.ഇവിടത്തെ സഫായി വിദ്യാലയം ഗാന്ധിജി തുടങ്ങി വച്ചതാണ്.ഇതു കൂടാതെ മ്യൂസിയം, പ്രാര്‍ത്ഥനാഭൂമി, ഹൃദയകുഞ്ജ്,വിനോബാകുടീര്‍-മീരാ കുടീര്‍, മഗന്‍ നിവാസ്, നന്ദിനി, ഉദ്യോഗ് മന്ദിര്‍ എന്നിവയ്രെല്ലാം ഈ ആശ്രമത്തിന്നകത്തായി സ്ഥിതി ചെയ്യുന്നുവെന്ന് സൈറ്റ് മാപ്പില്‍ വായിയ്ക്കാനായി.സൌത്ത് ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ആദ്യം സ്ഥാപിയ്ക്കപ്പെട്ട ആശ്രമം അഹമ്മദാാബാദിലെ കൊച്ച്രബ് എന്ന സ്ഥലത്തായിരുന്നു. പിന്നീടാണത് സബര്‍മതിയിലേയ്ക്കു മാറ്റപ്പെട്ടത്.
പ്രശസ്ത വാസ്തു ശില്‍പ്പിയായിരുന്ന ചാള്‍ സ് കൊറിയ വിഭാവനം ചെയ്ത സംഗ്രഹാലയത്തിന്റെ ഇഷ്ടിക വിരിച്ച അതി വിശാലമായതും തുറന്നതുമായ കോറിഡോറുകളുടെ ചുമരുകള്‍ മുഴുവനും ഫോട്ടോകള്‍ തന്നെ.തലപ്പാവണിഞ്ഞ് കസ്തൂര്‍ബയ്ക്കൊപ്പം നില്‍ക്കുന്ന യുവാവായ ഗാന്ധിയുടെ ബ്ലാക് ആന്റ് വൈറ്റിലെ വലിയ ഫോട്ടോ പെട്ടെന്നു തന്നെ ആരുടെയും ശ്രദ്ധയാകര്‍ഷിയ്ക്കും. “My Life is my message” എന്നു സ്വന്തം കൈപ്പടയിലെഴുതി ഗാന്ധിജി ഒപ്പിട്ടതിന്റെ പകര്‍പ്പ് ഈ ഗാലറിയുടെ നാമമായി ചുമരില്‍ കാണാന്‍ കഴിഞ്ഞു.ഇവിടെ മഹാത്മജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പല അദ്ധ്യായങ്ങളും നൂറുകണക്കിനു ചിത്രങ്ങളിലൂടെ നമ്മുടെ കണ്മുന്നില്‍ വിടരുന്നു.പോര്‍ബന്തറിലെ ജനനം മുതല്‍ തുടങ്ങി ഗാന്ധിജിയുടെ പ്രസസ്തമായ് മൊഴികളും, ഉറച്ച അഭിപ്രായങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി മാരുമ്പോള്‍ ഒരിയ്ക്കല്‍ക്കൂടി നമ്മളാല്‍ അനുസ്മരിയ്ക്കപ്പെടുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും പ്രദര്‍ശനവസ്തുക്കളില്‍പ്പെടുന്നു.ഖാദിനൂലിനാല്‍ രൂപരേഖ ചെയ്യപ്പെട്ടിരിയ്ക്കുന്ന ഗാന്ധി ഫോട്ടോവിനു കീഴെ “Khadi is not just a cloth , but a thought ” എന്നെഴുതിയിരിയ്ക്കുന്നതു ശ്രദ്ധിയ്ക്കാതിരിയ്ക്കാനാായില്ല.. ഹാ! എത്ര സുന്ദരമായ ചിന്ത!കുട്ടിക്കാലവും പിന്നീട് ഇംഗ്ലണ്ടിലെ വാസവും, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള പൊരുതലും , ഇന്ത്യന്‍ സ്വാതന്ത്ര്യസമരകഥയും, ഒടുക്കം നാടിനായി ജീവന്‍ തന്നെ ബലിദാനവും ചെയ്യപ്പെടുന്ന ആ മഹത്തായ ജീവിതം ചിത്രങ്ങളിലൂടെ നമ്മിലേയ്ക്കൊഴുകുമ്പോള്‍ നാം അത്ഭുതപരതന്ത്രരാകുന്നു.ദണ്ഡി മാര്‍ച്ചും, ജനലക്ഷങ്ങളെ സദസ്സില്‍ ശാാന്താനയി ചമ്രാം പടിഞ്ഞിരുന്ന് അഭിസംഭോധന ചെയ്യുന്ന മഹാത്മാവിന്റെ എണ്ണച്ചായച്ചിത്രങ്ങളും തടിയില്‍ കൊത്തിയെടുത്ത ഗാന്ധിജിയും, കോമ്പൌണ്ടിലെ ഗാന്ധിപ്രതിമയും ജീവനുള്ളവയെപ്പോലെത്തോന്നിച്ചു. വെളുത്ത പശ്ചാത്തലത്തില്‍ മരത്തടിയില്‍ ഒരൂ ചോദ്യചിഹ്നമെന്നോണം കൊത്തിയെടുക്കപ്പെട്ട ഗാന്ധിയും ശ്രദ്ധയില്‍പ്പെട്ടു.കോറീഡോറിനു തൊട്ട് അകത്തു തന്നെ ഇഷ്ടികവിരിച്ച ഒരു കൊച്ചു കുളത്തില്‍ സ്ഫടികസമാനമായ വെള്ളം കെട്ടിനിര്‍ത്തിയിരിയ്ക്കുന്നു,.കുളിര്‍മ്മയേറിയ ജലത്തിലേയ്ക്കും നോക്കി നമ്മുടെ പ്രതി ബിംബത്തെ കാണാനായി അല്‍പ്പം ഇരിയ്ക്കാനായി ധാരാളം ബെഞ്ചുകളും അതിനടുത്താായി ഒരുക്കിയിരിയ്ക്കുന്നു. .അദ്ദേഹത്തിനു ലഭിച്ച പൊതുജനസമ്മതി അറിയണമെങ്കില്‍”Unusual pOstal addresses” എന്ന വിഭാഗം നോക്കിയാാല്‍ മതി. Mr. Gandhi, New delhi, Mr. Gandhi, Calcutta, Mr. Gandhi, wherever he is , Mr. Gandhi, India,The Great Ahimsa noble of India, The Supreme President of Indian National congress, The dictator of Government of India,His Highness Gandhi, India എന്നിങ്ങനെ അഡ്രസ്സ് എഴുതിയ ഒട്ടേറെ തപാല്‍ ലക്കോട്ടുകള്‍ ഇവിടെ പ്രദര്‍ശിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഗാന്ധി എന്നപേര്‍ ഉണ്ടെങ്കില്‍ എവിടെയും അവ അദ്ദേഹത്തിനെത്തുമായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ മാത്രം അഡ്രസ്സായി കൊടുത്തവയും കൂട്ടത്തില്‍പ്പെടൂന്നു.”Prophets of Gentleness” എന്ന പേരിട്ടിട്ടുള്ള ഇമേജ് ഗാലറിയിലിരുന്ന് രവീന്ദ്ര നാഥ ടാഗോറും ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈനും, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും,ബര്‍ട്രാന്റ് റസ്സലും വില്‍ ഡുരാന്റും,ബെര്‍ണാര്‍ഡ് ഷായും,ജോണ്‍ റസ്കിനും ആല്‍ഡസ് ഹക്സിലിയും, ടോള്‍സ്റ്റോയിയും ആല്‍ബെര്‍ട്ട് ഷ്വെസ്റ്ററും അതിര്‍ത്തി ഗാന്ധിയെന്ന ഓമനപ്പെരിലറിയപ്പെടുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനുമെല്ലാം നമ്മെ നിര്‍ന്നിമേഷരായിരുന്നു നോക്കുന്നതായിത്തോന്നി.ജാതിമത ദേശ കാലാതീതമായി മനുഷ്യരാശിയുടെ നന്മായ്ക്കാായി പൊരുതിയവാരെ ഒരു കുടക്കീഴില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
ഹിന്ദിപത്രമായ നവജീവന്റേയും ഇംഗ്ലീഷ് പത്രമായ യംഗ് ഇന്ത്യയുടേയും പഴയ താളുകളും അന്നു കാലങ്ങളില്‍ നടന്ന ഒട്ടേറെ വിവരങ്ങള്‍ നമുക്കായി പങ്കിടുന്നു.ദണ്ഡി മാര്‍ച്ചിന്റെ സുന്ദരമായ രൂപരേഖ മനസ്സില്‍ ഇളക്കം സൃഷ്ടിച്ചു.മനസ്സിലേറ്റാനാവും വിധം വലുതും വ്യക്തവും വര്‍ണ്ണശബളവുമായ ദണ്ഡി മാാര്‍ച്ചിന്റെ ചിത്രം മഹാാത്മവിന്റെ പ്രാാധാാന്യാത്തെ എടുത്തുകാട്ടി. ഗാന്ധി സംഗ്രഹാലയത്തില്‍ മഹാത്മജിയെക്കുറിച്ചുളള 350000 പുസ്തകങ്ങള്‍ ഉണ്ടെന്നാണറിയാന്‍ കഴിഞ്ഞത് . ഇത്രയുമേറെ പുസ്തകങ്ങള്‍ ലോകത്തില്‍ ഒരു പക്ഷേ മറ്റൊരാളെക്കുറിച്ചും എഴുതപ്പെട്ടു കാണില്ലെന്നു തോന്നി.
“ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ-
ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും, മുഹമ്മദിൻ-
സ്ഥൈര്യവുമൊരാളിൽ ചേർന്നൊത്തുകാണണമെങ്കിൽ
ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തി-
ലല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിൻ.”
. എന്നു വള്ളത്തോള്‍ മഹാത്മജിയെക്കുറിച്ചു പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ലല്ലോ.ആ നികടത്തിലെത്തിയ പ്രതീതി. ഒരു ചെറിയ അംശമേ ആദ്ദേഹത്തെക്കുറിച്ചറിയാാനയുള്ളൂവെങ്കിലും ആ മഹത്വത്തിനു മുന്നില്‍ തലകുനിയ്ക്കാതിരിയ്ക്കാനാവില്ലെന്നു മനസ്സിലായി.ലോകം മുഴുവനും സമാരാദ്ധ്യനായതിന് കാരണമില്ലാതെ വരില്ലല്ലോ.
സബര്‍മതിയിലേയ്കിറങ്ങുന്ന പടവുകളില്‍ച്ചെന്നു നിന്നു ഏറെ നേരം സബര്‍മതി നദിയെത്തന്നെ നോക്കിനിന്നു. കമ്പിവേലി കെട്ടിയിരിയ്ക്കുന്നതിനാല്‍ ഇതു വഴി ഇപ്പോള്‍ നദിയിലേയ്ക്കിറങ്ങാനാവില്ല.പണ്ടെല്ലാം പറ്റുമായിരുന്നിരിയ്ക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. മഹാത്മാ എത്രയോ സമയം ചിലവഴിച്ച സ്ഥലമായിരിയ്ക്കും ഇതെന്ന ചിന്ത പെട്ടെന്നു മനസ്സിലൂടെ ഊളിയിട്ടു, ഇവിടുത്തെ ഓരോ മണല്‍ത്തരിയ്ക്കും അദ്ദേഹത്തെപ്പറ്റി കഥകള്‍ പറയാനുണ്ടാകില്ലേ? സബര്‍മതിയുടെ അക്കരെ തല പൊന്തിച്ചു നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ മാറി വരുന്ന നാഗരികതയുടെ കടന്നു കയറ്റത്തെ ഓര്‍മ്മിപ്പിച്ചു.
ഗാന്ധിജി താമസിച്ചിരുന്ന വീടായ ഹൃദയകുഞ്ജിന്റെ ഇറയത്തിരുന്ന് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന യുവതി ഞങ്ങളെക്കണ്ടു ചിരിച്ചു ഞങ്ങള്‍ക്കായി ചര്‍ക്കയുടെ പ്രവര്‍ത്തനം കാണിച്ചുതന്നു.ഇത്തരം ഒരു ചര്‍ക്ക പണ്ടു ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നതും അതില്‍ പലപ്പോഴും നൂല്‍ നൂറ്റിരുന്നതും ഓര്‍മ്മ വന്നു. ഒരു ബോക്സിനുള്ളിലായി പരസ്പ്പരം ബന്ധിയ്ക്കപ്പെട്ട മരത്തിന്റെ വൃത്താകൃതിയിലെ ചക്രങ്ങളിലൂടെ പഞ്ഞിക്കഷ്ണങ്ങള്‍ നേര്‍മ്മയായി വലിച്ചു നീട്ടി ഉണ്ടാക്കപ്പെടുന്ന നൂല്‍ തക്ലിയില്‍ ചുറ്റി പിന്നീടതിനെ ചതുരാകൃതിയിലെ ഫ്രെയിമില്‍ ചുറ്റുന്നു. കുറേയേറെയായാല്‍ അതിനെ പരസ്പ്പരം പിണയാതെ എടുത്തു പിന്നി കഴകളാക്കിയിരുന്നതെല്ലാം ഒര്‍മ്മ വരുന്നു. .ഇങ്ങനെ കഴകളാക്കുന്ന നൂലുകള്‍ ഉപയോഗിച്ചാണു കൈത്തറി വസ്ത്രങ്ങള്‍ നെയ്തെടുക്കുന്നത്.കുട്ടിക്കാലത്ത് അച്ഛനും അമ്മയും ചെയ്തിരുന്നതു കണ്ടു ഇതു പഠിച്ചതോര്‍മ്മ വന്നപ്പോള്‍ അവ സൂക്ഷിച്ചു വയ്ക്കാഞ്ഞതില്‍ ദു:ഖം തോന്നി. നമ്മള്‍ എന്നും അങ്ങിനെയാണല്ലോ,ഓര്‍മ്മകളിലൂടെ നീന്താന്‍ ഇഷ്ടപ്പെടുന്നവര്‍ .കയ്യിലുള്ളപ്പോള്‍ ഒന്നിന്റെയും വില മനസ്സിലാക്കില്ല. എന്നിട്ട് നഷ്ടസ്വപ്നങ്ങളെക്കുറിച്ചോര്‍ത്തു വിലപിയ്ക്കുകയും ചെയ്യും. വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്ന ഈ ഗേഹത്തിന്റെ അകത്തളങ്ങള്‍ ഏറെ കുളുര്‍മ്മയുള്ളതായിത്തോന്നി.അകത്തളത്തിന്റെ മിനുസമാര്‍ന്നതറയും ചുവരിലെ അലമാരയില്‍ ചില്ലിട്ടു സൂക്ഷിച്ചിരിയ്ക്കുന്ന വസ്തുക്കളും ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല. ഗാാന്ധിജിയുടെ നിത്യോപയോഗവസ്തുക്കളുടെ മാതൃകകളാണിവ.ഇതില്‍ കോപ്പകളും പിഞ്ഞാണങ്ങളും ലോഹത്തിന്റേയും മരത്തിന്റേയും കരണ്ടികളും പിച്ചളത്താമ്പാളവും , മെതിയടികളും, കണ്ണടയും കറിക്കത്തിയും കോക്കനട്ട് ചോപ്പറും കൂടാതെ വളരെ പസിദ്ധമായ ഗാന്ധിജിയുടെ “മൂന്നു കുരങ്ങന്മാര്‍” കൂടി കാണപ്പെട്ടു. ശരിയ്ക്കും ഗാന്ധിജിയെ ഒരു നിമിഷനേരത്തെയ്ക്കെങ്കിലും സന്ദര്‍ശകര്‍ മനസ്സിലേറ്റാതിരുന്നു കാണില്ല. 1915 മുതല്‍ 1930 വരെ കസ്തൂര്‍ബയ്ക്കൊത്ത് ഗാന്ധിജി ഇവിടെയായിരുന്നു താമസിച്ചിരുന്നത്.തളത്തില്‍ നിന്നും പുറത്തുകടന്നപ്പോള്‍ കണ്ട കാഴ്ച്ച ചേതോഹരം തന്നെ. വിശാലമായ നടുമുറ്റവും ചുറ്റും തൂണുകളോടു കൂടിയ നാലിറയവും നാലിറയത്തു നിന്ന് പ്രവേശിയ്ക്കാവുന്ന വിശാലവും തട്ടുയരമുള്ളതുമാായ മുറികളും ഇല്ലങ്ങളുടെ അകത്തളങ്ങള്‍ പോലെ തോന്നിച്ചു.ഒരു വശത്തായി കസ്തൂര്‍ബ മേല്‍നോട്ടം വഹിച്ചിരുന്ന അടുക്കള. നേരെ മുന്നില്‍ കസ്തൂര്‍ബായുടെ മുറി. ഉള്ളില്‍ക്കടന്നു കണ്ണടച്ച് ഒരു നിമിഷം നിന്നു. മേല്‍ക്കൂരയില്‍ പാകിയ കുഴല്‍പ്പാത്തികള്‍ പോലുള്ള കൊച്ചോടുകള്‍ മുറികള്‍ക്ക് തണുപ്പു കൂട്ടുന്ന തരത്തിലുള്ളവയാണ്.ഉയരമുള്ള നാലുകതകുകളോടു കൂടിയ ജനാലകള്‍ മുറിയില്‍ കാറ്റും വെളിച്ചവും യഥേഷ്ടം നല്‍കും വിധമുള്ളവയാണെന്നു കണ്ടു. പഴയ തരം ഗൃഹ നിര്‍മ്മാണരീതികളെല്ലാം നമ്മള്‍ ഇതിനകം നഷ്ടപ്പെടുത്തിയതില്‍ ശരിയ്ക്കും ദു:ഖം തോന്നി. കസ്തൂര്‍ബായുടെ മുറിയ്ക്കു തൊട്ടു തന്നെയുള്ള മുറിയായിരുന്നു അതിഥി മുറി.അതിനു തൊട്ടുള്ള ഭിത്തിമേല്‍ കണ്ട “MOHAN TO MAHATMA” എന്ന തലക്കെട്ടോടുകൂടി ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിയ്ക്കുന്ന പടുകൂറ്റന്‍ ഫോട്ടോവില്‍ വര്‍ഷം(year) കാലചരിതം(chronology) വയസ്സ്, (Age ) എന്നിവ സഹിതം” 1869 Born at Porbandar, Gujarat “ എന്നു തുടങ്ങി “1948 Last Fast; Assassinated at Birla House, New Delhi Age 79 എന്നവസാനിയ്ക്കുന്നതുവരെ വായിച്ചാല്‍ മഹാത്മാവിനെക്കുറിച്ച് ഒരല്‍പ്പമെങ്കിലും നമുക്കറിയാനാകും, തീര്‍ച്ച. മഹാത്മജി തന്റെ സന്ദര്‍ശകരെ സ്വീകരിച്ചിരുന്നതും പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതുമായ മുറി മുന്വശത്തെ വരാന്തയ്ക്കു തൊട്ടു തന്നെയാണ്. ഇത് പൂട്ടിയിട്ടിരിയ്ക്കുന്നെങ്കിലും കമ്പി വലകള്‍ക്കിടയിലൂടെ ഉള്‍ഭാഗം കാണാം.രാജ്യത്തേയും വിദേശത്തെയും ഒട്ടനവധി പ്രധാനവ്യക്തികള്‍ ഇവിടെ വന്നിട്ടുണ്ട്. ചരിത്രപ്രധാനങ്ങളായ പല തീരുമനങ്ങളും എടുത്തിട്ടുള്ള സ്ഥലം കൂടിയാണിത്.
വിനോബാ-മീരാ കുടീര്‍ എന്ന ചെറിയ വാസസ്ഥലത്താണ് 1918 മുതല്‍ 1921 വരെ വിനോബാ ഭാവെ താമസിച്ചിരുന്നത്.ബ്രിട്ടീഷ് വംശജയായ മീര ബെഹന്‍ പില്‍ക്കാലത്തു താാമസിച്ചിരുന്നതും ഇവിടെത്തന്നെ. ഇതില്‍ ഒന്നിലൂടെ കടന്ന് മറ്റൊന്നിലൂടെ പുറത്തു വരാനാകുംവിധമുള്ള രണ്ടു കൊച്ചു മുറികള്‍ മാത്രം. പ്രാര്‍ത്ഥനാഭൂമി ഉപാസനാമന്ദിരമെന്നും അറിയപ്പെടുന്ന സ്ഥലമാണ്.ആശ്രമത്തിന്റെ നടത്തിപ്പുകാരാനും ഗാന്ധിജിയുടെ ബന്ധുവുമായ മഗന്‍ലാലിന്റെ താമസസ്ഥലമാണ് മഗന്‍ നിവാസ്.നെഹ്രു, രാജേന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കളും കൂടാതെ ഇന്ത്യയിലെയും പുറത്തുള്ളതുമായ ഉന്നതവ്യക്തികളും വന്നാല്‍ താമസിയ്ക്കുന്നതിനായുപയോഗിയ്ക്കാറുള്ളത് നന്ദിനി ഗസ്റ്റ് ഹൌസില്‍ ആയിരുന്നു. സബര്‍മതിയേയും ആശ്രമത്തെയും ഒരിയ്ക്കല്‍ക്കൂടി തിരിഞ്ഞുനോക്കി പുറത്തു കടക്കുമ്പോള്‍ മനസ്സില്‍ മഹാത്മജി ശരിയ്ക്കും നിറഞ്ഞു നിന്നിരുന്നു.
Post Your Comments