രാമപുരം: പാലാ-തൊടുപുഴ റൂട്ടിലെ രാമപുരം കുറിഞ്ഞിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അത്യപൂർവ്വമായ ഒന്നാണ് കുറിഞ്ഞിക്കാവിലെ താലപ്പൊലി. ഇവിടെ പക്ഷെ സ്ത്രീകളല്ല, മറിച്ചു പുരുഷന്മാരാണ് താലപ്പൊലിയേന്തുന്നത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ കുറിഞ്ഞി ക്കാവിലെ വനദുർഗ്ഗാക്ഷേത്രത്തിൽ പുരാതനകാലം മുതൽ ഈ ആചാരം നടന്നു വരുന്നു. വ്രതം നോറ്റ പുരുഷന്മാരാണ് ദേവീപ്രിതിക്കായി ഇത് അനുഷ്ഠിക്കുന്നത്. മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വനദുർഗ്ഗയെ കൂടാതെ അന്തി മഹാകാളൻ, ഐലക്ഷി എന്നീ പ്രതിഷ്ഠകളുമുണ്ട്.
ഇവിടെ കളമെഴുതുന്നത് ഐലക്ഷി ഭാവത്തിലുള്ള ഭഗവതിയുടെ രൂപമാണ്. അന്തി മഹാകാളനായ മഹാദേവന്റെ കണങ്കാൽ വെട്ടിയെടുത്ത് കൊടുവാളോടുകൂടി നടമാടുന്ന രൂപം. അസുരക്കൂട്ടങ്ങൾ കാമാതുരരായി ഭൂമിയിലെ സ്ത്രീകളെ കൂട്ടത്തോടെ പിച്ചിച്ചീന്തുന്നതു കണ്ട് ഉഗ്രകോപിണിയായ പാർവ്വതി അസുരന്മാരെ ഒന്നടങ്കം വാളിനിരയാക്കി. എന്നിട്ടും കോപം ശമിക്കാതെ ഭൂമിയിലെ പുരുഷന്മാരെയും ഒടുക്കിത്തുടങ്ങി.!!!
ഈ സർവ്വനാശം ഭയന്ന് ശിവൻ അന്തി മഹാകാള രൂപത്തിൽ ഭഗവതിയെ പ്രതിരോധിക്കാനായി എത്തുന്നു. പുരുഷനായ കാലാരിയെ പോലും ഭഗവതി വെറുതെ വിടുന്നില്ല. മഹാകാളന്റെ ഒരു കാൽ വെട്ടിമുറിച്ചെടുത്ത് കഴിഞ്ഞാണ് ഭഗവതിക്ക് കലിയടങ്ങുന്നത്. സ്വന്തം പ്രാണനാഥനെ പോലും തിരിച്ചറിയാത്ത ആ ഉഗ്രകോപമാണ് രൂപമായി കളത്തിൽ നിറയുന്നത്. ഭഗവതിയുടെ അനുഗ്രഹം തേടി കുടുംബത്തിലെ സ്ത്രീകളുടെ ആശീർവാദത്തോടെ പുരുഷന്മാർ താലമെടുക്കുന്നതിനും താലം തുള്ളുന്നതിനും സമകാലിക ലോകത്തെ അപച്യുതികൾക്കെതിരെയുള്ള സാംസ്കാരിക ബിംബമായി ഉയർത്തിക്കാട്ടേണ്ടതാണ്. പ്രകൃതിയോടും ഉർവ്വരതയോടുമുള്ള ആത്മീയമായ താദാത്മ്യപ്പെടലും പൂർവ്വിക സ്മരണയുമൊക്കെ കാവുകളിലെ അനുഷ്ഠാനങ്ങൾക്കൊപ്പം ഇഴചേർന്നു നിൽക്കുന്നു. ഇതിലെ ചരിത്രപരവും സാമൂഹ്യപരവുമായ ഉള്ളടക്കം അന്വേഷണ വിധേയമാക്കേണ്ടതു തന്നെയാണ്.
ഇരുമ്പുയുഗത്തിലെ മനുഷ്യവാസത്തിന്റെ അടയാളമായ നിരവധി പഴുതറകൾ (Dolmanoids) കാണപ്പെടുന്ന കുറിഞ്ഞിക്കാവ് ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. നിരവധി അപൂർവ്വസസ്യങ്ങൾ കാണുന്ന ഇവിടെ കൽമാണിക്യം എന്ന വിശേഷപ്പെട്ട മരം കാണപ്പെടുന്നു.
Post Your Comments