കൊല്‍ക്കത്ത: ഇനി മുതൽ ആംബുലൻസിൽ വന്നുകൊണ്ടിരിക്കുന്ന രോഗിയുടെ ആരോഗ്യ വിവരങ്ങൾ അതാത് സമയങ്ങളിൽ തന്നെ ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടറിന് അറിയാൻ സാധിക്കും. പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ഖരഗ്പുര്‍ ഐ.ഐ.ടി. വിദ്യാര്‍ഥികളാണ്. ആംബുലന്‍സില്‍ ഘടിപ്പിക്കാവുന്ന റിമോര്‍ട്ട് മോണിറ്ററിങ് സിസ്റ്റമായ ‘ആംബുസെന്‍സ്’ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ‘സ്വാന്‍’ ലാബിലാണ് നിര്‍മിച്ചത്.
ആംബുലന്‍സില്‍ ഘടിപ്പിച്ചിരിക്കുന്ന വയര്‍ലസ് സംവിധാനംവഴി രോഗിയുടെ ഹൃദയമിടിപ്പ്, ഇ.സി.ജി., രക്തസമ്മര്‍ദം എന്നിവ ഡോക്ടര്‍ക്ക് പരിശോധിക്കാം. ഇത് ഡോക്ടര്‍ക്ക് രോഗിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ടെലിമെഡിസിനേക്കാള്‍ ഫലപ്രദമാണ്. ടെലിമെഡിസിന്‍ വഴി ഡോക്ടര്‍ക്ക് രോഗിയെ കാണാന്‍ സാധിക്കുമെന്നുമാത്രമേയുള്ളൂ, അവരുടെ ആരോഗ്യനില വ്യക്തമായി പരിശോധിക്കാന്‍ സാധിക്കില്ല. ഈ പരിമിതി മറികടക്കാന്‍ ആംബുസെന്‍സിന് സാധിക്കുമെന്ന് ഐ.ഐ.ടി. വക്താവ് പറഞ്ഞു. ഈ കണ്ടുപിടിത്തത്തിന് മേല്‍നോട്ടംവഹിച്ചത് പ്രൊഫ. സുധീപ് മിശ്രയാണ്.
പേറ്റന്റിനും അപേക്ഷനല്‍കിയിട്ടുണ്ട്. ഭുവനേശ്വറിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഖരഗ്പുര്‍ ബി.സി. റോയി ടെക്‌നോളജിക്കല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ഥം ആംബുസന്‍സ് പ്രവര്‍ത്തിപ്പിച്ചത് വിജയകരമായിരുന്നുവെന്നും മിശ്ര പറഞ്ഞു.
Post Your Comments