KeralaLatest NewsNews

ആയുർവേദത്തോടുള്ള ആരാധനയുമായി അനുഷ്ക ഷെട്ടി നിളാതീരത്ത്

പാലക്കാട്‌•കേരളത്തിന്റെ ആയുർവേദ പെരുമ ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിയെ ഒറ്റപ്പാലത്തിന്റെ നിളാതീരത്തെത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുഷ്ക മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദനോടൊപ്പം ഒറ്റപ്പാലത്തിന്റെ മണ്ണിലെത്തിയത്. ഷൊർണൂർ കുളപ്പുള്ളിയിലെ ആരോഗ്യശാല ഓഷധ ഏജൻസി ഉടമയും, ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്ത് മായ അൻഷാദ് അലിയെ കണ്ട് അദ്ദേഹം പ്രത്യേകമായി വികസിപ്പിച്ച ആയുർവേദ ഫേയ്സ് പായ്ക്ക് പൗഡർ അടക്കം ആയുർവേദ മരുന്നുകൾ വാങ്ങിയ അനുഷ്ക നിളാതീരത്തിന്റെ ആയുർവേദ പുണ്യത്തിന് നന്ദി പറഞ്ഞു.

ഫിസിയോ തെറാപ്പിസ്റ്റ് കൂടിയായ അൻഷാദ് അലി സ്ത്രീകൾക്ക് ഉപയോഗിക്കാൻ തയ്യാറാക്കിയ സവിശേഷ ഫേയ്സ് മസാജ് പൗഡറിൽ അനുഷ്ക ആകൃഷ്ടയാവുകയായിരുന്നു. ഉണ്ണി മുകുന്ദൻ നേരത്തെ ഇത് അനുഷ്കയ്ക്ക് നൽകിയിരുന്നു. ഉപയോഗിച്ച ശേഷം സംതൃപ്തി തോന്നിയ അനുഷ്ക്ക ഉണ്ണിമുകുന്ദനോട് അൻഷാദിനെ നേരിൽ കാണാൻ താത്പര്യം കാണിക്കുകയായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ തെലുങ്ക് സിനിമയായ ഭാഗ്മതിയുടെ പൊള്ളാച്ചിയിലെ ചിത്രീകരണ സ്ഥലത്ത് നിന്നാണ് തെന്നിന്ത്യൻ താരറാണിയുടെ ഒറ്റപ്പാലത്തേക്കുള്ള വരവ്. ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായികയാണ് അനുഷ്ക ഷെട്ടി. ജയറാം വില്ലനായി എത്തുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

ഉണ്ണി മുകുന്ദനിൽ നിന്ന് കേട്ടറിഞ്ഞ വള്ളുവനാടിനെയും, നിളാതീരത്തെയും കണ്ടാസ്വദിക്കാനും അനുഷ്ക സമയം കണ്ടെത്തി. കേരള കലാമണ്ഡലമടക്കം നിളാതീരത്തെ കലാ സൗന്ദര്യം അവർ ആസ്വദിച്ചു. ഇവിടത്തെ വേറിട്ട ഭക്ഷണപ്പെരുമ കൂടി രുചിച്ചാണ് അനുഷ്‌ക മടങ്ങിയത്. ബാഹുബലിയിൽ ദേവസേനയായി തകർത്തഭിനയിച്ച താരത്തിന് കേരളത്തിൽ നിന്നും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇതിന് പ്രത്യേകം നന്ദി പറഞ്ഞാണ് അവർ കൂപ്പു കൈകളോടെ ഒറ്റപ്പാലത്തോട് യാത്ര പറഞ്ഞത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ 2000 കോടി രൂപ കലക്ഷൻ പിന്നിട്ട ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികയായ അനുഷ്ക ഇതിന്റെ യാതൊരു താര ജാഢയുമില്ലാതെയാണ് വരവറിഞ്ഞെത്തിയ ആരാധകരോട് പെരുമാറിയത്. ഇനിയും വരാമെന്ന സനേഹം അൻഷാദ് അലിയടക്കം എല്ലാവരോടും പങ്കിട്ടാണ് ബാഹുബലി നായിക മലയാള സിനിമയുടെ ഹോളിവുഡിനോട് ബൈ പറഞ്ഞത്.

രാധാകൃഷ്ണൻ
മണ്ണനൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button