
തൃശൂര്‍: കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതിയുടെ മോചനത്തിനായി പൊതുയോഗം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ കേസിലെ പ്രതിയും വ്യവസായിയുമായ നിഷാമിന്റെ നാട്ടിലാണ് നിഷാമിന്റെ മോചനത്തിനായി പൊതുയോഗം സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് മുഹമ്മദ് നിഷാം ഇപ്പോൾ ഉള്ളത്.നിഷാമിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രചരിപ്പിക്കുന്ന നോട്ടിസില്‍ നിഷാമിനെ വാനോളം പുകഴ്ത്തിയാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ പൊതുയോഗം സംഘടിപ്പിക്കുന്നത് നിഷാമിന്റെ തൊഴിലാളികളും സുഹൃത്തുക്കളുമാണ്.
കോടികളുടെ ആസ്തിയുള്ള നിഷാമിന് പോലീസും മറ്റും വഴിവിട്ട സഹായം നൽകുന്നുണ്ടെന്നും ജയിലിൽ ഫോൺ ഉൾപ്പെടെ നൽകി സുഖജീവിതമാണ് നിഷാം നയിക്കുന്നതെന്നുമുള്ള ആരോപണത്തിനിടയിലാണ് ഈ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്.കൂടാതെ നിഷാമിന് ശിക്ഷയിളവ് നൽകാനുള്ള ശ്രമവും നടന്നിരുന്നു.യാദൃശ്ചികമായുള്ള പ്രകോപനങ്ങളാലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും പൊതുകാര്യ ധനസഹായിയും , കാരുണ്യവാനുമായ നിഷാമിന് ജയിൽ മോചനം അനുവദിക്കണമെന്നാണ് പൊതുയോഗത്തിന്റെ ആവശ്യം.
Post Your Comments