Latest NewsIndia

ഇന്ന് പുകയില വിരുദ്ധ ദിനം

അനുലക്ഷ്മി
പാറശാല

പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്‍, അതായത് ഒരു വർഷം 50 ലക്ഷം പേര്‍ പുകയിലജന്യ രോഗങ്ങള്‍കൊണ്ട് മരിച്ചുവീഴുന്നു. നൂറുപേര്‍ അര്‍ബുദംമൂലം മരിക്കുമ്പോള്‍ അതില്‍ 30പേര്‍ പുകവലി കാരണം രോഗം വന്നു മരിക്കുന്നവരാണ്. പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

സിഗരറ്റുവലിച്ച് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും മോട്ടോര്‍വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയേക്കാള്‍ ദോഷകരമാണ്. ഇന്ത്യയില്‍ കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗംക്കുന്നത് ബാധി. പുകവലിയില്‍നിന്ന് പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗമാണിതിനു കാരണം.

2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു.

സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. കേരളത്തിലെ പാന്‍മസാലയുടെ നിരോധനം എന്തായാലും ഈ രംഗത്തുള്ള നല്ല ചുവടുവെപ്പായിമാറട്ടെ. പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് സര്‍ക്കാര്‍ ചെയ്യട്ടെ എന്ന് കരുതി മാറി നില്‍കേണ്ടതില്ല. സന്നദ്ധ സംഘടനകളുടെ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കാളികളാകാം. ഇന്ന് പുകയില വിരുദ്ധ ദിനം ആചരിക്കുമ്പോള്‍ അതാവട്ടെ നമ്മുടെ ഒാരോരുത്തരുടേയും പ്രതിജ്ഞ.

shortlink

Post Your Comments


Back to top button