ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഇന്ത്യ പാക് അതിർത്തിയിൽ നിയന്ത്രണ രേഖയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയുടെ കയ്യിൽ തന്നെയെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്‌ലി. കൂടാതെ ഏതു സാഹചര്യത്തെ നേരിടാനും സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.കാശ്മീരിൽ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ച് സംഘർഷം നിലനിർത്തുകയാണ് പാകിസ്ഥാന്റെ പതിവ് ശൈലി.
എന്നിട്ടും ഇന്ത്യ സംയമനം കൈവിടാതെ പാകിസ്ഥാനുമായി അനുരഞ്ജന ശ്രമം നടത്തി. എന്നാൽ ഉറി ആക്രമണവും പഠാൻകോട്ട് വ്യോമ താവളം ആക്രമണവും പാകിസ്താന്റെ ഒത്താശയോടെ ഭീകരർ നടത്തി.പക്ഷെ ഇന്ത്യൻ സൈന്യം ഏതു സാഹചര്യത്തെയും നേരിടാൻ ഒരുക്കമാണെന്ന് മറക്കരുത്. അതിനെപ്പറ്റി കൂടുതൽ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്തു മൃതദേഹം വികൃതമാക്കിയ സംഭവത്തിൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അതിർത്തി കടന്നുള്ള തീവ്രവാദത്തിനോട് യാതൊരു മൃദുസമീപനവും ഇന്ത്യ കാണിക്കില്ലെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.
Post Your Comments