തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള വിവിധ സൗജന്യചികിത്സാ പദ്ധതികളിലേക്കുള്ള മരുന്നു വിതരണം ഉടന്‍ നിര്‍ത്തിയേക്കും. ഇതുസംബന്ധിച്ച അറിയിപ്പ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍നിന്നും ഉണ്ടായതോടെ കടുത്ത ആശങ്കയിലാണ് രോഗികള്‍. കുടിശ്ശികയായി കിട്ടാനുള്ള 12 കോടിരൂപ കിട്ടിയില്ലെങ്കില്‍ മരുന്ന് സംഭരണം മുടങ്ങുമെന്നാണ് കോര്‍പ്പറേഷന്റെ അറിയിപ്പ്.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും എത്തുന്ന നല്ലൊരു ശതമാനം രോഗികളും ഇത്തരം പദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്നവരാണ്. സൗജന്യ മരുന്ന് വിതരണം നിര്‍ത്തലാക്കിയാല്‍ കാരുണ്യ, ആര്‍.ബി.എസ്.ബി.വൈ, ചിസ് പ്ലസ്, ആരോഗ്യകിരണം, ജനനി ജന്മമരക്ഷ, താലോലം, സ്‌നേഹ സാന്ത്വനം, വിവിധ ആദിവാസി ചികിത്സാ പദ്ധതികള്‍ തുടങ്ങിയവയെ ബാധിക്കും.
മരുന്നും മെഡിക്കല്‍ ഉപകരണവും നല്‍കിയ വകയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ 9,48,45129 രൂപയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നല്‍കാനുള്ളത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ 2,18,29951 രൂപയും നല്‍കാനുണ്ട്. കുടിശ്ശിക ഏറിയതോടെയാണ് കോര്‍പ്പറേഷന്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ കാരണം. പണം ലഭിച്ചില്ലെങ്കില്‍ ബുധനാഴ്ചയോടെ മരുന്ന് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
Post Your Comments