ന്യൂഡല്‍ഹി•തകര്‍ന്ന് വീണ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും കാണാതായ രണ്ട് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ കണ്ടെത്താനുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. വെള്ളിയാഴ്ച ആസാമിലെ വനപ്രദേശത്ത് നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
തേസ്പൂര്‍ എയര്‍ഫോഴ്സ് ബസില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവിടെയ്ക്ക് കമാന്‍ഡോകളെ വ്യോമമാര്‍ഗം ഇറക്കിയെങ്കിലും വെളിച്ചക്കുറവ് മൂലം ഇവര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെയാണ്, പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തല്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ ഹെലിക്കോപ്റ്ററുകള്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് പാരച്യൂട്ടുകളുടെ അവശിഷ്ടങ്ങളാണ് ആകാശ വീക്ഷണത്തില്‍ ഹെലിക്കോപ്റ്ററുകള്‍ കണ്ടെത്തിയിരിക്കുന്നത്. വിമാനം താഴെ പതിക്കും മുന്‍പ് പൈലറ്റുമാര്‍ പരച്യൂട്ടുകള്‍ ഉപയോഗിച്ച് പുറത്തേക്ക് ചാടിയിരിക്കാം എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മേയ് 23 ന് പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. മലയാളി അടക്കം രണ്ട് പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ വിശദാംശങ്ങള്‍ വ്യോമസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ അപകടകാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന വക്താവായ വിംഗ് കമാന്‍ഡര്‍ അനുപം ബാനര്‍ജീ ഡല്‍ഹിയില്‍ പറഞ്ഞു.
സൈന്യത്തിന്റെ തെരച്ചില്‍ സംഘം അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മോശം കാലാവസ്ഥയും, വെളിച്ചക്കുറവും, നിബിഡമായ പുല്ലും, ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകള്‍ മൂലവും ഇവര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments