Latest NewsNewsInternational

മോദി സര്‍ക്കാര്‍ ഭരണത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസവും സംതൃപ്തിയും : മൂന്നാം വാര്‍ഷിക ദിനത്തില്‍ മോദിയ്ക്കും സുഷമയ്ക്കും അഭിനന്ദനം അറിയിച്ച് പ്രവാസികള്‍

ദുബായ് : മോദി സര്‍ക്കാര്‍ ഭരണത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസവും സംതൃപ്തിയും. മൂന്നാം വാര്‍ഷിക ദിനത്തില്‍ മോദിയ്ക്കും സുഷമയ്ക്കും അഭിനന്ദനം അറിയിച്ച് പ്രവാസികള്‍ . സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇതുവരെ കാണാത്ത വിദേശനയതന്ത്ര ബന്ധമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കീഴില്‍ മറ്റു വിദേശ രാഷ്ട്രങ്ങളുമായി ഇന്ത്യ പുലര്‍ത്തിപ്പോന്നത്. അതിലുപരി വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമ സ്വരാജിന്റെ കഴിവിനെ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഇതുവരെ തുടര്‍ന്നു പോന്നിരുന്ന പരമ്പരാഗത സമ്പ്രദായങ്ങളും രീതികളും വിട്ട് പുതുവഴി വെട്ടിത്തുറന്നാണു നരേന്ദ്രമോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്കു കടക്കുന്നത്.
ലോകരാഷ്ട്രങ്ങളിലെ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനൊപ്പം അവിടങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിഷയങ്ങളിലും സജീവമായി ഇടപെട്ടുവെന്നതാണ് മോദി സര്‍ക്കാരിന്റെ വിദേശനയത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏറ്റവുമൊടുവില്‍ കല്‍ഭൂഷണ്‍ ജാദവ് പ്രശ്നത്തിലും ഇന്ത്യക്കാരിയായ ഉസ്മയെ പാക്കിസ്ഥാനില്‍നിന്നു തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലും സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതാണ്.
സമൂഹമാധ്യമങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഇതുവരെയില്ലാത്ത വലിയ ക്യാന്‍വാസിലേക്ക് നടത്തിയ ചുവടുമാറ്റം വന്‍വിജയം കൈവരിച്ചതും പ്രവാസികള്‍ക്കു നേട്ടമായി. ദിനംപ്രതി നൂറുകണക്കിന് പരാതികള്‍ക്കാണ് പരിഹാരം കാണുന്നത്. പ്രവാസികള്‍ക്കു നേരിട്ട് പ്രശ്നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാമെന്ന അവസ്ഥ ഒരു കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കു സ്വപ്നം പോലും കാണാന്‍ കഴിയാത്ത കാര്യമായിരുന്നു. വിദേശത്ത് എന്തെങ്കിലും പ്രതിസന്ധികള്‍ നേരിട്ടാല്‍ അതത് എംബസികള്‍ക്ക് ട്വിറ്ററില്‍ പരാതി നല്‍കി തന്നെ ടാഗ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടു സുഷമാ സ്വരാജ് നേരിട്ടു രംഗത്തെത്തിയതു പ്രവാസികള്‍ക്ക് ആശ്വാസകരമായി. പരാതിക്കാര്‍ക്ക് എംബസി നല്‍കുന്ന മറുപടി താന്‍ നിരീക്ഷിക്കുമെന്നും അടിയന്തരഘട്ടമാണെങ്കില്‍ എസ്ഒഎസ് എന്നു രേഖപ്പെടുത്തണമെന്നും അവര്‍ അറിയിച്ചു.

വിദേശത്തുള്ള ഇന്ത്യന്‍ എംബസികളിലെ പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം ചടുലമായതും പ്രവാസികള്‍ക്ക് ഏറെ ഗുണകരമായി. ഇരുന്നൂറിയേറെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണു വിദേശകാര്യമന്ത്രാലയം എംബസികള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൃത്യസമയത്തു സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കാനായി ട്വിറ്റര്‍ സേവ എന്ന പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. വിദേശത്തുള്ള ഇന്ത്യന്‍ എംബസികളുടെ 198 അക്കൗണ്ടുകളും 29 പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസുകളും ഉള്‍പ്പെടുത്തിയാണ് ഇതു രൂപീകരിച്ചത്.
പല സന്ദിഗ്ധഘട്ടങ്ങളിലും അതിന്റെ നേട്ടങ്ങള്‍ പ്രവാസികള്‍ക്കു ലഭിക്കുകയും ചെയ്തു. ലിബിയയില്‍നിന്നു മലയാളികളെ ഒഴിപ്പിക്കുന്ന വിഷയത്തിലും നേപ്പാളിലെ ഭൂകമ്പത്തില്‍ കുടുങ്ങിയവരെ സഹായിക്കാനും ഇറാഖില്‍ ബന്ദികളാക്കപ്പെട്ട 168 ഇന്ത്യക്കാരെ രക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ഏകോപിപ്പിക്കാന്‍ മന്ത്രാലയത്തിനു വിജയകരമായി കഴിഞ്ഞു. ആരും തുണയില്ലാത്ത ഘട്ടത്തിലും തങ്ങളുടെ പ്രതിസന്ധികള്‍ ഭരണത്തലപ്പത്ത് എത്തിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രവാസികള്‍ക്കു പകര്‍ന്നു നല്‍കാന്‍ സുഷമയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button