KeralaLatest NewsNews

സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്ക് വെറും 10 മിനിറ്റ് ആയുസ്സ് : ഗര്‍ഭിണിയാണെന്നറിഞ്ഞ് 10 മിനിറ്റിനകം യുവതിയെ മരണം തട്ടിയെടുത്തു

കൊച്ചി: സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്ക് വെറും പത്ത് മിനിറ്റ് ആയുസ് നല്‍കി മരണം യുവതിയെ തട്ടിയെടുത്തു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഗര്‍ഭിണിയാണെന്നറിഞ്ഞ് പത്ത് മിനിറ്റിനകമാണ് യുവതി വാഹനാപകടത്തില്‍ മരിച്ചത്. മാലി ലൈറ്റ്നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25) യ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായത്. യുവതി കയറിയ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി 12.50ഓടെയാണ് അപകടം.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു ഐഷത്ത്. മൂന്നു മാസത്തെ ചികിത്സയ്ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്ക് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഉടനെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധുവായ സ്ത്രീയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടന്‍ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തു.

മൂന്നു വര്‍ഷം മുമ്പായിരുന്നു മാലി സ്വദേശികളായ ഐഷത്ത് റൈഹയുടെയും അസം മുഹമ്മദിന്റെയും വിവാഹം. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.ഇവിടെനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ അപകടം സംഭവിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച് കിടന്ന ഐഷത്തിനെയും എടുത്തുകൊണ്ട് അസം മുഹമ്മദ് തന്നെയാണ് ആശുപത്രിയിലേക്ക് ഓടിയത്. പക്ഷേ, അപ്പോഴേയ്ക്കും ഉള്ളില്‍ പേറിയ ജീവന്റെ തുടിപ്പിനൊപ്പം ഐഷത്തിനെ മരണം റാഞ്ചിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button