Latest NewsKeralaNews

തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ഗൂഗിളിന്റെ അംഗീകാരം

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന താരമായി മലയാളി വിദ്യാര്‍ത്ഥി . ഗൂഗിളിന്റെ തെറ്റുകണ്ടെത്തി തിരുത്തിയ മലയാളി വിദ്യാര്‍ത്ഥിയായ അഭിഷേക് സിദ്ധാര്‍ത്ഥിനെ ഗൂഗിളിന്റെ അംഗീകാരം തേടിയെത്തി. ആറ്റിങ്ങല്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് ഗൂഗിളിന്റെ ‘ഹാള്‍ ഓഫ് ഫെയിം’ അംഗീകാരംമാണ് ലഭിച്ചത്. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗിരിജാവിലാസത്തില്‍ സിദ്ധാര്‍ത്ഥന്‍-ഗിരിജാദേവി ദമ്പതിമാരുടെ ഏകമകനാണ് അഭിഷേക് സിദ്ധാര്‍ത്ഥ്.

ഗൂഗിളിന്റെ സാങ്കേതികസംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിനനുസരിച്ചു നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. പ്രധാന ഡൊമൈനുകളിലെയും ഗൂഗിള്‍ ഉപകരണങ്ങളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഈ അംഗീകാരം നല്‍കുന്നത്.

support.google.com വെബ്‌സൈറ്റിലെ റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ എന്ന ബഗ്ഗാണ് അഭിഷേക് കണ്ടെത്തിയത്. ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ഥിയാണ്. ഒരാഴ്ച മുന്‍പാണ് അഭിഷേക് തന്റെ കണ്ടെത്തല്‍ ഗൂഗിളിനെ അറിയിച്ചത്. ചൊവ്വാഴ്ചയാണ് അഭിഷേകിനെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയതായിക്കാണിച്ച് ഗൂഗിളിന്റെ അറിയിപ്പ് ലഭിച്ചത്.

തെറ്റുകണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കാറുണ്ട്. പ്രതിഫലം പ്രഖ്യാപിക്കുംമുന്‍പാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ 29-ാം പേജിലാണ് അഭിഷേകിന്റെ പേരുള്‍പ്പെടുത്തിയിരിക്കുന്നത്.

അഭിഷേകിന്റെ അച്ഛന്‍ സിദ്ധാര്‍ത്ഥന്‍ വിദേശത്താണ് ജോലിചെയ്യുന്നത്. അമ്മ ഗിരിജാദേവി വീട്ടമ്മയാണ്.

shortlink

Post Your Comments


Back to top button