KeralaLatest News

മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്ന് കോടതി വിലയിരുത്തി. മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

തന്നെ വിവാഹം ചെയ്ത ഭര്‍ത്താവിന്റെ കൂടെ പോകണമെന്ന് പെണ്‍കുട്ടി അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പോലീസ് അകമ്പടിയോടെ സുരക്ഷിതമായി പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം വിടണമെന്ന് കോട്ടയം എസ്.പിക്ക് ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കി. പെണ്‍കുട്ടി തീവ്രവാദ ഗ്രൂപ്പിന്റെ തടങ്കലിലാണെന്നും സിറിയയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നും കാണിച്ചാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.

ഹര്‍ജിയിലെ ഏഴാം എതിര്‍കക്ഷിയായിരുന്ന സൈനബ എന്ന സ്ത്രീക്കൊപ്പം പോകാന്‍ പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ക്കൊപ്പം പോകാന്‍ അനുവദിച്ചിരുന്നു. പെണ്‍കുട്ടി പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെയും തന്നെയാരും അനധികൃതമായി തട്ടിയെടുക്കുകയോ തടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നുള്ള പെണ്‍കുട്ടിയുടെ മൊഴിയുടേയും അടിസ്ഥാനത്തില്‍ അന്ന് ഡിവിഷന്‍ബെഞ്ച് പെണ്‍കുട്ടിയെ പോകാന്‍ അനുവദിച്ചു.

ഇതിനിടയിലാണ് പെണ്‍കുട്ടി മുസ്‌ലീം യുവാവുമായി 2016 ഡിസംബര്‍ 19ന് വിവാഹിതയായത്. പുത്തൂര്‍ ജുമാ മസ്ജിദ് ഖാദിയാണ് നിക്കാഹ് നടത്തിക്കൊടുത്തത്. കേസ് നിലവിലിരിക്കെ പെണ്‍കുട്ടി വിവാഹിതയായ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു.

പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും നിരന്തര നിരീക്ഷണമുണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. മതം മാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കാനും നിര്‍ദ്ദേശമുണ്ട്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കുകയും സംഭവത്തില്‍ കുറ്റവാളികളുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button