തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ യാഥാര്‍ത്ഥ്യമാകുന്നു. മെയ് 25 ന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചവരുടെ മെഡിക്കല്‍ പരിശോധന തുടങ്ങും. സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്ത്രീസുരക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ്.
6.4 ശതമാനമാണ് മാത്രമാണ് നിലവില്‍ കേരള പോലീസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം. ഘട്ടംഘട്ടമായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിക്കുന്നത്. പുതിയ വനിതാ പോലീസ് ബറ്റാലിയന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. ആര്‍ നിശാന്തിനി ഐപിഎസിനെ പുതിയ ബറ്റാലിയന്റെ കമാന്‍ഡന്റായി നിയമിച്ചിട്ടുണ്ട്.
കമാന്റില്‍ 20 വനിതാ ഹവീല്‍ദാര്‍മാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ആര്‍മര്‍ എസ്.ഐ, 10 ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇതിനായി 451 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു. ബറ്റാലിയനിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 330 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവിലേക്ക് പിഎസ്‌സി വഴിയാണ് നിയമനം. ഒന്‍പതുമാസത്തെ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.
Post Your Comments