ഗോ ഫണ്ട് മി എന്ന ധനശേഖരണ വെബ്‌സൈറ്റില്‍ വന്ന ക്രെയ്ഗ് കോസിംഗി – ക്യാരി ദമ്പതികളുടെ മക്കളുടെ കഥ ഏറെ വ്യത്യസ്തമായിരുന്നു. ഈ ദമ്പതികള്‍ക്ക് മൂന്ന് ജോഡി ഇരട്ടക്കുട്ടികളാണ്. എല്ലാവരുടെയും ജന്മദിനം ഒരു ദിവസം. ഫെബ്രുവരി 28 ന്.
ഇതില്‍ രണ്ടു ജോഡി ഇരട്ടക്കുട്ടികളെ ഇവര്‍ ദത്തെടുത്തു വളര്‍ത്തുന്നതാണ്. ഒരു ജോഡി ഇവരുടെ സ്വന്തം കുട്ടികളും. ദത്തെടുത്ത രണ്ടു ജോഡി ഇരട്ടകള്‍ സഹോദങ്ങളാണ്. ഒരു അമ്മയ്ക്ക് പിറന്ന രണ്ടു ജോഡി ഇരട്ടകള്‍. അവരെ സന്തോഷപൂര്‍വം വളര്‍ത്താന്‍ തുടങ്ങിയ ദമ്പതികള്‍ക്ക് പിറന്നതും ഇരട്ടകള്‍. അവരുടെയും പിറന്നാള്‍ ആ അതേദിവസം തന്നെ.
2014 ഫെബ്രുവരിയിലാണ് ദമ്പതികളുടെ കുടുംബത്തിലേക്ക് ആദ്യമെത്തിയ ഇരട്ടകളായ കെന്നയും അഡലിനും ജനിച്ചത്. ഇരട്ടപെണ്‍കുട്ടികള്‍. ഇതിനും ഏതാനും മാസങ്ങള്‍ മുന്‍പായിരുന്നു കോസിംഗി – ക്യാരി ദമ്പതികളുടെ വിവാഹം. വിവാഹം കഴിഞ്ഞയുടന്‍ ക്യാരിയുടെ സ്‌കൂള്‍പഠനകാലത്തെ സുഹൃത്തായ യുവതി, ഇവരെ സമീപിച്ച് താന്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളെ ദത്തെടുക്കാമോ എന്ന് ചോദിച്ച് ഇവരെ സമീപിച്ചത്. കുട്ടികളെ വളര്‍ത്താന്‍ പറ്റിയ സാഹചര്യത്തിലല്ലായിരുന്നു ആ യുവതി.
വിവാഹം കഴിഞ്ഞയുടന്‍ ആയിരുന്നതിനാല്‍ ആദ്യം ദമ്പതികള്‍ക്ക് സുഹൃത്തിന്റെ അഭ്യര്‍ത്ഥനയോട് താല്‍പര്യമില്ലായിരുന്നു. എങ്കിലും ആ യുവതിയുടെ നിസഹായാവസ്ഥയില്‍ ദത്തെടുക്കലിന് ദമ്പതികള്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ 2014 ഫെബ്രുവരി 28 ന് ആ സ്ത്രീക്ക് ഇരട്ടക്കുട്ടിള്‍ ജനിച്ചു. കുട്ടികളെ നിയമാനുസൃതമായി തന്നെ കോസിംഗിഗും ക്യാരിയും ദത്തെടുത്തു. ഈ കുട്ടികളെ വളര്‍ത്തുന്നതിനിടെ കുട്ടികളുടെ മാതാവ് ദമ്പതികളോട്, തന്റെ ഇരട്ടകളായ മൂത്ത കുട്ടികളെക്കൂടി ദത്തെടുക്കാമോ എന്ന് ചോദിച്ചു. സഹോദരങ്ങള്‍ ഒന്നിച്ചുതന്നെ ജീവിക്കട്ടെയെന്നു തീരുമാനിച്ച ദമ്പതികള്‍ അതിന് സമ്മതമറിയിച്ചു.
അങ്ങനെ നേരത്തെ ദത്തെടുത്ത കുട്ടികളുടെ മൂത്ത രണ്ടു കുട്ടികളെയും അവരുടെ രണ്ടാം വയസില്‍ ദമ്പതികള്‍ ദത്തെടുത്തു. ആ ഇരട്ടക്കുട്ടികളുടെയും ഒരാണ്‍ കുട്ടിയും ഒരു പെണ്‍കുട്ടിയും- ജന്മദിനം ഫെബ്രുവരി 28ന് തന്നെയായിരുന്നു, 2013 ല്‍.
ക്യാരിക്ക് ചില പ്രശ്‌നങ്ങളുള്ളതിനാല്‍ ഗര്‍ഭം ധരിക്കാനാകില്ലെന്ന് നേരത്തെതന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. എങ്കിലും ഇവര്‍ വന്ധ്യതാനിവാരണ ചികിത്സ തുടരുന്നുണ്ടായിരുന്നു. രണ്ട് ജോഡി സഹോദരങ്ങളായ കുഞ്ഞുങ്ങളുമായി സന്തോഷകരമായ ജീവിതം തുടരുന്നതിനിടെ ദമ്പതികള്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്ന് ആ വാര്‍ത്തയെത്തിയത് ഒരു വര്‍ഷം മുന്‍പാണ്. ക്യാരി ഗര്‍ഭിണിയായിരിക്കുന്നു.
ക്യാരിയുടെ ഗര്‍ഭത്തില്‍ വളരുന്നത് രണ്ട് കുഞ്ഞുങ്ങളായിരുന്നു. രണ്ടു കുട്ടികളെയും ജീവനോടെ കിട്ടുമോയെന്ന ആശങ്ക ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ദമ്പതികള്‍ക്കുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക പരിചരണങ്ങളുണ്ടായിരുന്നുവെങ്കിലും ഈ വര്‍ഷം ഫെബ്രുവരി 28 ന്, ഗര്‍ഭത്തിന്റെ 24 ാം ആഴ്ചയില്‍ മാസം തികയാതെ ഇരട്ടക്കുട്ടികളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടിവന്നു. കുട്ടികളുടെ തൂക്കം 1.6 പൗണ്ട് (710 ഗ്രാം) മാത്രമായിരുന്നു. എങ്കിലും ഡോക്ടര്‍മാരുടെ കൃത്യമായ പരിചരണത്തില്‍ ഇരുകുട്ടികളും ഇപ്പോള്‍ സുഖമായിരിക്കുന്നു.
അങ്ങനെ ഫെബ്രുവരി 28 ന് പിറന്ന മൂന്നു ജോഡി ഇരട്ടകളും സന്തോഷത്തോടെ സുഖമായി ജീവിക്കുന്നു, ക്രെയ്ഗ് കോസിംഗി – ക്യാരി ദമ്പതികളുടെ സ്‌നേഹപരിലാളനകളേറ്റു വാങ്ങി.
Post Your Comments