ന്യൂഡൽഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയനെന്ന്‍ മാവോയിസ്റ്റ് മുഖപത്രം. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’ ആദ്യലക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു രൂക്ഷ വിമർശനം. ഭരണവർഗം കോൺഗ്രസ് ആയാലും ബിജെപി ആയാലും അവരെ ഉപയോഗിച്ചു വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്നതാണു സിപിഎം നയമെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും മാവോയിസ്റ്റുകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയും ചെയ്തു. നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടാനായി പൊലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
സംഘാംഗങ്ങൾ ഇടയ്ക്കു വനമേഖലയിൽ നിന്നു പുറത്തിറങ്ങി നഗരപ്രദേശങ്ങളിൽ ഒളിവിൽ കഴിയാൻ എത്താറുണ്ടെന്നും അനുഭാവികളുമായി സജീവ ബന്ധം പുലർത്തുന്നുണ്ടെന്നുമാണ് ഐബിക്കു ലഭിക്കുന്ന വിവരം. കഴിഞ്ഞ പത്തു വർഷത്തിനിടെ 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി സിപിഐ (മാവോയിസ്റ്റ്) മുഖപത്രം ‘കമ്യൂണിസ്റ്റ്’ ആദ്യലക്കത്തിൽ അവകാശപ്പെടുന്നു.
തമിഴ്നാട്ടിലെ ധർമപുരി വനമേഖലയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഉതൻഗരായിയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ശിവൻ കൊല്ലപ്പെടുകയും രണ്ടു ഡസനിലധികം പ്രവർത്തകർ പിടിയിലാകുകയും ചെയ്തു. തേനി – കൊടൈക്കനാൽ മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റു നേതാവ് നവീൻ പ്രസാദ് കൊല്ലപ്പെട്ടു. അതിനു ശേഷമാണ് കേരള– കർണാടക– തമിഴ്നാട് സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്ഷൻ വനമേഖല കേന്ദ്രമാക്കിയതെന്നും മുഖപത്രത്തിൽ വെളിപ്പെടുത്തുന്നു.
Post Your Comments