Latest NewsIndiaNews

കേജ് രിവാളിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കപില്‍ മിശ്ര: നോട്ട് അസാധുവാക്കലിനെ എതിര്‍ത്തത് എന്തിനെന്ന് വെളിപ്പെടുത്തുന്നു

 

ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന അതിഗുരുതര ആരോപണവുമായി വീണ്ടും കപില്‍ മിശ്ര രംഗത്ത്. അഴിമതിയും കള്ളപ്പണവും തുടച്ച് നീക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ കേജരിവാള്‍ നഖശിഖാന്തം എതിര്‍ത്തത് അദ്ദേഹത്തിന് കള്ളപ്പണക്കാരുമായി ബന്ധമുള്ളത് കാരണമാണെന്നാണ് മിശ്ര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രാജ്യത്തെ ഹവാല ഇടപാടുകാരും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും മിശ്ര പരിഹസിച്ചു.

മുന്‍ എഎപി നേതാവും എംഎല്‍എയുമായ മിശ്രയുടെ വാക്കുകള്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
2014 ല്‍ ബാങ്ക് മുഖേന അല്ലാതെ എഎപിക്ക് സംഭാവനയായി ലഭിച്ച രണ്ട് കോടി രൂപക്ക് എതിരെ അന്നത്തെ എഎപി നേതാവ് സഞ്ജയ് സിങ് അപ്പോള്‍ തന്നെ രംഗത്ത് വന്നിരുന്നു. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ഈ സ്രോതസ് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ താനാണ് രണ്ട് കോടി രൂപ നല്‍കിയതെന്ന അവകാശവുമായി വ്യവസായി മുകേഷ് കുമാര്‍ രംഗത്തെത്തിയത് കേജരിവാളിന്റെ നാടകമാണെന്നും മിശ്ര തുറന്നടിച്ചു. കാരണം, മുകേഷിന്റെ കമ്പനികളില്‍ പലതും വ്യാജമാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു സ്ഥാപനമായ എസ്കെഎന്‍ അസോഷ്യേറ്റിന് നികുതി വെട്ടിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചതാണ്. രാജ്യമൊട്ടുക്കും ഇത്തരം വ്യാജന്‍മാരുമായി കേജരിവാളിന് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരില്‍ മിക്കവരെയും കള്ളപ്പണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതുമാണ്. ഇത്തരം നാടകങ്ങള്‍ തുടര്‍ന്നാല്‍ കേജരിവാളിനെ കോളറിന് പിടിച്ച് തീഹാര്‍ ജയിലില്‍ അടക്കുമെന്നും കപില്‍ മിശ്ര വെല്ലുവിളിച്ചു.

അതേസമയം കപില്‍ മിശ്രക്കെതിരെ മാനനഷ്ടക്കേസുമായി മറ്റൊരു എഎപി എംഎല്‍എയായ സത്യന്ദ്ര ജയിന്‍ കോടതിയിലെത്തി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് രണ്ട് കോടി രൂപ ജയിന്‍ കൊടുക്കുന്നത് കണ്ടെന്നാണ് രണ്ടാഴ്ച മുമ്പ് നടത്തിയ പത്ര സമ്മേളനത്തില്‍ മിശ്ര ആരോപിച്ചത്. ഇത് തനിക്ക് മാനഹാനി വരുത്തിയെന്നും ജയിന്‍ ആരോപിക്കുന്നു.

എന്നാല്‍ എഎപിയിലെ പൊട്ടിത്തെറിക്കെതിരെ ബിജെപി കരുതലോടെയാണ് പ്രതികരിക്കുന്നത്. ആറ് മാസങ്ങള്‍ക്കുള്ളില്‍ പകുതിയിലേറെപ്പേര്‍ എഎപിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേരുമെന്നും ശക്തമായ അഭ്യൂഹമുണ്ട്.

രഞ്ജിത്ത് ഏബ്രഹാം തോമസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button