ലാഹോര്‍ : കടംകയറി പാപ്പരായി; ഒപ്പം നാണക്കേട് വരുത്തുന്ന ജീവനക്കാരും. ഈ പ്രതികൂല സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്(പിഐഎ) നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുകയാണെന്ന് പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെക്കുറിച്ച് അവലോകനം ചെയ്യാന്‍ ചേര്‍ന്ന സെനറ്റ് പ്രത്യേക യോഗത്തില്‍ പ്രധാനമന്ത്രിയുടെ വ്യോമയാന ഉപദേഷ്ടാവ് സര്‍ദാര്‍ മെഹ്താബ അബ്ബാസിയാണ് ഇക്കാര്യം അറിയിച്ചത്. സെനറ്റ് കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചാല്‍ പാക് സര്‍ക്കാരിന് എയര്‍ലൈന്‍സ് നിര്‍ത്തലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്ന് അബ്ബാസി പറഞ്ഞു.
സാമ്പത്തിക ബാധ്യതയാല്‍ നട്ടം തിരിയുകയാണ് പിഐഎ. ഇതിനിടെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഉത്തരവാദിത്വരഹിതമായ പെരുമാറ്റവും സര്‍വീസിനെ ആകെ കുഴപ്പത്തിലാക്കുകയാണെന്നാണ് പാക് അധികൃതര്‍ പറയുന്നത്.
സഹപൈലറ്റിനെ വിമാനം പറപ്പിക്കാന്‍ ഏല്‍പ്പിച്ചശേഷം വിമാനത്തിന്റെ പാക് എയര്‍ലൈന്‍സിന്റെ ക്യാപ്റ്റന്‍ മൂന്നു മണിക്കൂര്‍ വിമാനത്തില്‍ മൂടിപ്പുതച്ച് ഉറങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരിയായ ചൈനീസ് യുവതിയെ കോക്പിറ്റിലേക്ക് ക്ഷണിച്ച് ഒപ്പമിരുത്തി യാത്ര ചെയ്ത മറ്റൊരു പൈലറ്റിന്റെ നടപടിയും വന്‍ വിവാദമായിരുന്നു. ഇതുകൂടാതെ ഈ തിങ്കളാഴ്ച ലാഹോറില്‍ നിന്ന് ലണ്ടനിലേക്ക് പോയ പാക് എയര്‍ലൈന്‍സ് വിമാനത്തിലെ 14 ജീവനക്കാരെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഹീബ്രു വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. വിമാനത്തില്‍ നിന്ന് സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന എന്തോ കണ്ടെടുത്തെന്നും ഇതേതുടര്‍ന്നാണ് ജീവനക്കാരെ ചോദ്യം ചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്.
ഈ സംഭവങ്ങളെല്ലാം പിഐഎയ്ക്കും പാക്കിസ്ഥാന്‍ സര്‍ക്കാരിനു പോലും നാണക്കേടുണ്ടാക്കുന്നതാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിമാനസര്‍വീസ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് അധികൃതര്‍ ഗൗരവമായി ആലോചിക്കുന്നത്.
അതേസമയം, പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെങ്കിലും വിമാനസര്‍വീസ് നിര്‍ത്താനുള്ള നിര്‍ദേശത്തിന് അനുകൂലമല്ലെന്ന് ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് – നവാസ് (പിഎംഎല്‍-എന്‍) നേതാവും കമ്മിറ്റിയുടെ ചെയര്‍മാനുമായ മുഷാഹിദുള്ള ഖാന്‍ അറിയിച്ചു.
സര്‍വീസിനെ പാപ്പരായി പ്രഖ്യാപിച്ച് അടച്ചുപൂട്ടുക അല്ലെങ്കില്‍ സമഗ്രമായ പുനരുദ്ധാരണം എന്നീ രണ്ടു വഴികളാണ് മുന്നിലുള്ളതെന്ന് യോഗത്തില്‍ ധാരണയായി. ഇതില്‍ അടച്ചുപൂട്ടാനുള്ള നീക്കം തല്‍ക്കാലം മാറ്റിവയ്ക്കാനാണ് അലോചനയെന്നും അടിമുടി പുനരുദ്ധരിച്ച് വിമാനസര്‍വീസ് നാണക്കേടും നഷ്ടവുമില്ലാതെ തുടര്‍ന്നുകൊണ്ടുപോകുന്നതിനാണ് യോഗത്തില്‍ മുന്‍ തൂക്കം കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും സര്‍വീസ് തുടരണോ, അവസാനിപ്പിക്കണോ എന്നതിനെ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അന്തിമ തീരുമാനമായിട്ടില്ല.
Post Your Comments