ശാരീരിര വ്യായാമങ്ങള്‍ അധികം ചെയ്യുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ എന്നു കരുതി പരിധിവിട്ടും ജിമ്മില്‍ ചെലവഴിക്കുകയും വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ ജാഗ്രതൈ… നിങ്ങളുടെ ഈ ചിന്ത തെറ്റിദ്ധാരണയാണ്. ഇതുകൊണ്ട് ഗുണമല്ല ദോഷമാണ് നിങ്ങള്‍ക്കുണ്ടാകുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശാരീരികമായ പരിക്കുകകള്‍ മാത്രമല്ല, ആരോഗ്യത്തിന് തീര്‍ത്തും ഹാനികരമാണ് പരിധിവിട്ടും വ്യായാമം ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അധികമായ വ്യായാമം ഫിറ്റ്‌നസ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല പരിക്കുകള്‍ക്ക് ഇടവരുത്തുന്നു. ശരീരം നമ്മുടെ വ്യായാവുമായി പൊരുത്തപ്പെട്ട് ഫിറ്റ്‌നസ് നേടാന്‍ വേണ്ട സ്വാഭാവിക സമയം നല്‍കാതെ കൂടുതല്‍ വ്യായാമം ചെയ്യുന്നത് പലരുടേയും മാനസികമായ പ്രശ്‌നമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുശീലം ആരോഗ്യപരമായി വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും.
അധികവ്യായാമം ഇപ്പോള്‍ തന്റെ ട്രെയിനിംഗിന് വരുന്നവരുടെ പലരുടെയും പ്രധാന പ്രശ്‌നമാണെന്ന് ദുബായി കേന്ദ്രീകരിച്ചുള്ള ഐക്കോണിക് ഫിറ്റ്‌നെസ് സെന്റര്‍ സഹസ്ഥാപകനും ഈ രംഗത്തെ വിദഗ്ധനുമായ ആന്‍ഡി ഹാര്‍പര്‍ പറയുന്നു. ആരോഗ്യ, ശരീര സൗന്ദര്യ രംഗത്ത് ഇന്ന് പലരും നന്നായി ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഒരു മനോരോഗമെന്ന പോലെ അടിമയാകുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, തെറ്റായ വ്യായാമ പരിശീലനം വന്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീമായ വ്യായാമം ഒരു വിദഗ്ധന്റെ നിര്‍ദേശമനുസരിച്ച് ചെയ്യുക. ശരീരത്തില്‍ ഇതിന്റെ മാറ്റം ശരിയായി വന്നുകൊള്ളും. അതേക്കുറിച്ച് അധികം വേവലാതിയുടെ ആവശ്യമില്ല – അദ്ദേഹം അറിയിച്ചു.
ശാരീരിക ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അധികം ഉത്കണ്ഠാകുലരായി തെറ്റായ വ്യായാമ മുറകള്‍ ചെയ്തും അധികമായും ചെയ്തും പരിക്കുമായി എത്തുന്ന ചെറുപ്പക്കാര്‍ ഇവിടെ ഏറെയുണ്ടെന്ന് ദുബായി മെഡിക്ലിനിക് സിറ്റി ആശുപത്രിയിലെ ഡോ.ഷൈന്‍ അശോകനും പറഞ്ഞു. യുഎഇയില്‍ വ്യായാമപരിശീലനത്തിന് സെന്ററുകളും സൗകര്യങ്ങളും ഏറെയുണ്ട്. എന്നാല്‍ പലര്‍ക്കും ശാസ്ത്രീയമായ വ്യായാമ പരിശീലനം കിട്ടുന്നില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് – അദ്ദേഹം പറഞ്ഞു. ആദ്യത്തെ ആറ് ആഴ്ചകളില്‍ എക്‌സര്‍സൈസുകള്‍ പത്തുശതമാനത്തിലധികം വച്ച് കൂട്ടരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു വിദ്ഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ ആരംഭകാലഘട്ടത്തിലെങ്കിലും വര്‍ക്ക്ഔട്ടുകള്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യായാമം നടത്തുന്നവര്‍ക്ക് ഏറ്റവും വേണ്ട ഒന്ന് ഫലം കിട്ടാനായി കാത്തിരിക്കാനുള്ള ക്ഷമയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഒന്നാകെ പറയുന്നു. പെട്ടന്നും റിസള്‍ട്ട് പ്രതീക്ഷിക്കുന്നതും അതിനായി തെറ്റായ വ്യായാമ മുറകള്‍ പരീക്ഷിക്കുന്നതും വന്‍ദുരിതത്തിലേക്കാകും കൊണ്ടെത്തിക്കുകയന്ന് വിദഗ്ധര്‍ പറഞ്ഞു.
Post Your Comments