Latest NewsIndia

രാജ്യത്തെ വൃത്തിയുള്ള റെയില്‍വേസ്റ്റേഷന്‍ ഏത്? സര്‍വ്വേഫലം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

ഡൽഹി: വിവിധ ഘടകങ്ങളെ ആസ്പദമാക്കി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ സര്‍വ്വേഫലം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറ്റവും വൃത്തിയുള്ള റെയില്‍വേസ്റ്റേഷനായി വിശാഖപട്ടണത്തെ തെരഞ്ഞെടുത്തു. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് പട്ടിക പുറത്തുവിട്ടത്.

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് രാജ്യത്തെ തെരഞ്ഞെടുത്ത റെയില്‍വേസ്റ്റേഷനുകളില്‍ സര്‍വ്വേ നടത്തിയത്. വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ വിശാഖപട്ടണത്തിന് പുറമെ തെലങ്കാനയും ജമ്മുതാവിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഡല്‍ഹി ഇതില്‍ 39മതാണ്. റെയില്‍വേ സ്റ്റേഷനുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വ്വേ.

വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനുകളെ എ, എ വണ്‍,ബി,സി,ഡി,ഇ,എഫ് എന്നീ ഏഴ് കാറ്റഗറികളായി തിരിച്ചായിരുന്നു സര്‍വ്വേ. 8,000 റെയില്‍വേ സ്റ്റേഷനുകളെ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി. വരുമാനം 50 കോടിക്ക് മുകളില്‍ ഉള്ളവയെ എ വണ്ണിലും 6 കോടിക്കും അന്‍പത് കോടിക്കും ഇടയിലുള്ളവയെ എ വിഭാഗത്തിലും ഉള്‍പ്പെടുത്തി.

പ്ലാറ്റ്‌ഫോമുകളിലെ വൃത്തിയുള്ള ശൗചാലയങ്ങള്‍, ട്രാക്കുകളുടെ വൃത്തി, മാലിന്യ സംസ്‌കരണം, വേസ്റ്റ് ബോക്‌സുകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. ബീഹാറിലെ ധര്‍ബാങ്ക റെയില്‍വേ സ്റ്റേഷനാണ് എ വണ്‍ കാറ്റഗറിയില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജോഗ്ബാനി സ്‌റ്റേഷന്‍ എ കാറ്റഗറിയിലെ മോശം സ്‌റ്റേഷനാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. അതേസമയം 200 ഓളം തീവണ്ടികള്‍ വൃത്തിഹീനമായ അവസ്ഥയിലാണ് ഓടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വച്ഛ് റെയില്‍ ക്യാംപെയ്‌നിന്റെ ഭാഗമായി നടന്ന മൂന്നാമത്തെ സര്‍വ്വേയുടെ ഫലമാണ് കേന്ദ്രമന്ത്രി പുറത്തുവിട്ടത്. സ്വച്ഛ് റെയില്‍ വഴി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളെ ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ സര്‍വേകളെ അപേക്ഷിച്ച് നിരവധി സ്റ്റേഷനുകളില്‍ ശുചിത്വ നിലവാരം ഉയര്‍ന്നിട്ടുണ്ടെന്നും എല്ലാ സ്റ്റേഷനുകളെയും മികച്ച നിലവാരത്തിലേക്ക് മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button