തിരുവനന്തപുരം: ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് കാണാനായത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രി ജീവനക്കാരന്‍ മരിക്കുകയും ഡോക്ടര്‍മാര്‍ക്കടക്കം പനി പടരുകയും ചെയ്ത സാഹചര്യത്തെ തുടര്‍ന്നാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മന്ത്രി എത്തിയത്. മന്ത്രിയെത്തിയിട്ടും ഡോക്ടര്‍മാരും ജീവനക്കാരും കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. ആശുപത്രി പരിശോധിച്ച മന്ത്രി മദ്യ, ബിയര്‍ കുപ്പികളുടെ ശേഖരം കണ്ടെടുത്തു. മാത്രമല്ല കുട്ടികളുടെ മരുന്ന് സൂക്ഷിക്കുന്നത് തുരുമ്പിച്ച അലമാരകളിലുമാണെന്ന് ശ്രദ്ധയിൽ പെട്ടു.
ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ കണ്ട മന്ത്രി ബന്ധപ്പെട്ട ഡോക്ടര്‍മാരെയും ജീവനക്കാരേയും കണക്കിന് ശകാരിച്ചു. ഡോക്ടര്‍മാരുടെ അടിയന്തര യോഗവും ആശുപത്രിയില്‍ ചേര്‍ന്നു. ആശുപത്രി പരിസരത്ത് മദ്യത്തിന്റെയും ബിയറിന്റെയും കാലിക്കുപ്പികള്‍ കണ്ട മന്ത്രി സുരക്ഷാവീഴ്ചകളില്‍ ജീവനക്കാരോട് വിശദീകരണം തേടി. നാളെ മുതല്‍ കൃത്യം എട്ടുമണിക്ക് ഓരോരുത്തരും അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിലുണ്ടാകണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
ആദ്യം മന്ത്രിയെത്തിയത് ആശുപത്രിയിലെ ഒന്നും രണ്ടും വാര്‍ഡുകളിലാണ്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞ പനിബാധിതരോട് രോഗവിവരങ്ങളും ചികിത്സയെയും ജീവനക്കാരുടെ പെരുമാറ്റത്തെയും പറ്റി ചോദിച്ചറിഞ്ഞു. രോഗികള്‍ക്ക് മരുന്നും വിദഗ്ധ ചികിത്സയും ഡെങ്കിപ്പനിബാധിതര്‍ക്ക് കൊതുകുവലയും ആശുപത്രിയില്‍ നിന്ന് നല്‍കുന്നതായി ഉറപ്പാക്കി. തുടർന്ന് കുട്ടികളുടെ വാര്‍ഡിലേക്ക് പോകുകയും അവിടെ
കാണപ്പെട്ട ഒരു അലമാര തുറന്ന് പരിശോധിച്ച മന്ത്രി ഞെട്ടുകയും ചെയ്തു. തുരുമ്പെടുത്ത് വൃത്തിഹീനമായ അലമാരയിലാണ് കുട്ടികള്‍ക്ക് ഇഞ്ചക്ഷനുള്ള മരുന്നും സിറിഞ്ചും പഞ്ഞിയും സൂക്ഷിച്ചിരുന്നത്.
വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ നേരിട്ട് ശകാരിച്ച മന്ത്രി ഇന്ന് വൈകുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തണമെന്നും നാളെ മുതല്‍ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശുചിത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
ഇതിന് പുറമേ വാര്‍ഡുകളിലും പുറത്തുമായി പലസ്ഥലങ്ങളിലും മാലിന്യം കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകളും മന്ത്രി കാണാനിടയായി. ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടയും കുറവ് ആശുപത്രി അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി. ആശുപത്രി മാനേജിംഗ് കമ്മിറ്റി ഫണ്ടുപയോഗിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും ആവശ്യമായ ജീവനക്കാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാനും മന്ത്രി നിര്‍ദേശിച്ചു.
വാര്‍ഡുകളിലെ സന്ദര്‍ശനത്തിനുശേഷം ജീവനക്കാരുടെ യോഗം വിളിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ കര്‍ശന നിര്‍ദേശങ്ങളും നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ മുക്കും മൂലയുമുള്‍പ്പെടെ മുഴുവന്‍ ഭാഗങ്ങളും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
Post Your Comments