കോക്കൂർ•ക്ഷീരസംഘത്തിലെ അബ്ദുൾ മജീദ് ഷാർജയിലെ മുൻസിപ്പാലിറ്റിയിൽ 30 വർഷം ജോലിചെയ്ത പണം സ്വരൂപിച്ചാണ് ഡെയറിഫാം തുടങ്ങിയത്. ഇപ്പോൾ 25 പശുക്കൾ തൊഴുത്തിലുണ്ട്. 2015-16 വർഷത്തിൽ 84991 ലിറ്റർ പാലും 2016-17 വർഷത്തിൽ 53254 ലിറ്റർ പാലും മലപ്പുറം ജില്ലയിലെ കോക്കൂർ ക്ഷീരസംഘത്തിൽ നൽകിയിട്ടുണ്ട്.
പശുക്കളോട് ചെറുപ്പം മുതൽക്കുള്ള ഇഷ്ടമാണ് ഫാം തുടങ്ങുന്നതിനുള്ള പ്രചോദനം. മുമ്പൊക്കെ വർഷത്തിൽ ലഭിയ്ക്കുന്ന15 ദിവത്തെ ലീവിൽ പോലും ഒരു പശുവിനെയെങ്കിലും വാങ്ങി വളർത്തിയിരുന്നു. അഞ്ച് വർഷം മുമ്പാണ് ഡെയറിഫാം ആരംഭിച്ചത്. അന്നും വിദേശത്ത് ജോലിയുണ്ടായിരുന്നതിനാൽ ഡയറിഫാമിലെ എല്ലാ കാര്യങ്ങളും വളരെ വിശ്വസ്തതയോടെ നിറവേറ്റിയിരുന്നത് സുഹൃത്ത് മോഹനനാണ്. ഫാമിലെ ജോലികളെല്ലാം ചെയ്യുന്നതിന് ഇപ്പോൾ സഹായിയായുള്ളത് അട്ടപ്പാടിക്കടുത്ത ആനക്കട്ടിയിൽ നിന്നുള്ള കുമാറും ഭാര്യ ശാന്തയുമാണ്. അവരുടെ താമസം ഡയറിഫാമിനോടു ചേർന്ന് പ്രത്യേകമായി തയ്യാറാക്കിയ വീട്ടിലാണ്. അതുകൊണ്ട് തന്നെ പശുക്കളുടെ കാര്യത്തിൽ പ്രത്യേക ശദ്ധ ലഭിയ്ക്കുന്നുണ്ട്.
മിൽമയിൽ നിന്നും വിലയ്ക്ക് വാങ്ങുന്ന പച്ചപുല്ല്, ബെയിൽ ചെയ്ത വൈക്കോൽ, മിൽമ കാലിത്തീറ്റ, ഗോതമ്പ് തവിട്,ചോളപ്പൊടി, എന്നിവയാണ് പശുക്കളുടെ പ്രധാന ആഹാരം.
2016-17 വർഷത്തെ ക്ഷീര വികസന വകുപ്പിൻ്റെ മലപ്പുറം ജില്ലയിലെ ക്ഷീരസഹകാരി അവാർഡ് അബ്ദുൾ മജീദിനാണ് ലഭിച്ചത്.
പശുക്കളെകൂടാതെ കോഴി, താറാവ്, വിദേശ ജനുസിൽപ്പെട്ട പട്ടി എന്നിവയും അബ്ദുൾ മജീദിൻ്റെ ഫാമിലുണ്ട്. ഭാര്യ മറിയക്കുട്ടി വീട്ടമ്മയാണ്. മകൻ ഷംഷുദ്ദീൻ അയാട്ടാ കോഴ്സ് കഴിഞ്ഞു വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലെ സ്വകാര്യ ട്രാവൽസിൽ ജോലിചെയ്യുന്നു. മകൾ ഷാഹിദയുടെ വിവാഹം നിശ്ചയിച്ചരിക്കയാണ്. ഇളയ മകൾ ഷാഹിന പ്ലസ് വൺ വിദ്ധ്യാർത്ഥിനിയാണ്.
പുഷ്പരാജൻ.
Post Your Comments