ന്യൂഡല്‍ഹി: പുതുതായി തുടങ്ങിയ റിപ്പബ്ലിക്ക് ടിവി തലവന്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരേ മോഷണക്കുറ്റത്തിന് പരാതി. ഗോസ്വാമി മുന്‍പ് പ്രധാന വാര്‍ത്താ അവതാരകനായി പ്രവര്‍ത്തിച്ചിരുന്ന ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയാണ് ഗോസ്വാമിക്കെതിരേ പരാതിയുമായി എത്തിയിട്ടുള്ളത്. ഗോസ്വാമിയെ കൂടാതെ അദ്ദേഹത്തിനൊപ്പം ടൈംസ് നൗ ചാനല്‍ വിട്ട് പുതിയ ചാനലിലെത്തിയ പ്രേമ ശ്രീദേവിയ്‌ക്കെതിരേയും പരാതിയുണ്ട്.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കുടുക്കാനായി അര്‍ണാബ് റിപ്പബ്ലിക്ക് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ ടേപ്പുകള്‍ തങ്ങളുടെ പക്കല്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് പരാതിയില്‍ പറയുന്നത്. മാഷണം, വിശ്വാസ വഞ്ചന, പകര്‍പ്പാവകാശ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പരാതിയില്‍ ഇവര്‍ക്കെതിരേ ആരോപിച്ചിരിക്കുന്നതെന്നാണു സൂചന.
ടൈംസ് നൗ വിട്ട് റിപ്പബ്ലിക് ചാനലുമായി വന്ന അര്‍ണാബ് ഗോസ്വാമിയുടെ ചാനലിന്റെ രണ്ടാമത്തെ വലിയ ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു ശശി തരൂരിനെതിരായ ആരോപണം. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലിന്റെ 307ാംനമ്പര്‍ മുറിയിലാണ് കണ്ടെത്തിയതെന്നാണ് ചാനല്‍ ആരോപിച്ചത്. മൃതദേഹം പിന്നീട് 347ാം നമ്പര്‍ മുറിയിലേക്കു മാറ്റിയെന്നും ചാനല്‍ രേഖകളെ ഉദ്ധരിച്ച് അവകാശപ്പെട്ടു. ഇതു തെളിയിക്കാനായി 19 ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പുകളും പുറത്തുവിട്ടു.
അര്‍ണാബും പ്രേമയും കൂടി തങ്ങളുടെ പക്കല്‍ നിന്ന് മോഷ്ടിച്ച് കൊണ്ടുപോയ രേഖകളാണ് പിന്നീട് റിപ്പബ്ലിക് ചാനലിലൂടെ പുറത്തുവിട്ടതെന്നാണ്് ടൈംസ് നൗ അധികൃതരുടെ പരാതി.
Post Your Comments