Latest NewsIndiaNewsUncategorized

ജയില്‍ ശിക്ഷയ്ക്കിടെ ഈ രാഷ്ട്രീയ നേതാവ് സ്വന്തമാക്കിയത് അസാധാരണ നേട്ടം

ചാണ്ഡിഗഢ്: ജയിലില്‍ കിടന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ച് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ്. ജയില്‍ ജീവിതകാലത്ത് പഠനം നടത്തി ഉന്നത ബിരുദം നേടിയ നിരവധിപേരുണ്ട്, രാഷ്ട്രീയക്കാരടക്കം. എന്നാല്‍ ഈ രാഷ്ട്രീയക്കാരന്‍ പന്ത്രണ്ടാം ക്ലാസ് വിജയിച്ചത് 82 ാം വയസിലാണെന്നതാണ് സവിശേഷത.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് ഈ നേട്ടം ജയില്‍ വാസത്തിനിടെ സ്വന്തമാക്കിയതെന്നത് കൂടുതല്‍ കൗതുകമാകുന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) പാര്‍ട്ടിയുടെ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയാണ് 12 ാം ക്ലാസ് പരീക്ഷ 82 ാം വയസില്‍ ജയിലില്‍ കിടന്ന് പഠിച്ച് പാസായത്; അതും എ ഗ്രേഡോടെ. ഒന്നിലധികം തവണ ഹരിയാ മുഖ്യമന്ത്രിയായിട്ടുള്ളയാളാണ് ഓം പ്രകാശ് ചൗട്ടാല.

മുഖ്യമന്ത്രിയായിരിക്കെ അധ്യാപകനിയമനത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് ചൗട്ടാല ശിക്ഷിക്കപ്പെട്ടത്. പത്തുവര്‍ഷമാണ് തടവുശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. ഡല്‍ഹി തിഹാര്‍ ജയിലിലാണ് ഓംപ്രകാശ് ചൗട്ടാല ശിക്ഷ അനുഭവിക്കുന്നത്. ഈ കേസില്‍ ഇദ്ദേഹത്തിന്റെ മകനായ അജയ് സിംഗ് ചൗട്ടാലയും ശിക്ഷിക്കപ്പെട്ടു. അദ്ദേഹവും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

12ാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കാന്‍ തന്റെ പിതാവ് ഒരുക്കമല്ലെന്നും ബിഎ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും മറ്റൊരു മകനും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ നേതാവുമായ അഭയ് സിംഗ് ചൗട്ടാല പറഞ്ഞു. അഭയ് സിംഗ് ചൗട്ടാല ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. അഴിമതിയാരോപണങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന് പദവി രാജിവയ്‌ക്കേണ്ടിവന്നു.

സ്വാതന്ത്ര്യ സമരനേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയും വി.പി.സിംഗിന്റെ കാലത്ത് ഉപപ്രധാനമന്ത്രിയുമായിരുന്ന ചൗധരി ദേവിലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല.

shortlink

Post Your Comments


Back to top button