ന്യൂഡല്‍ഹി: ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി. കര്‍ണന് മാപ്പ് നല്‍കണമെന്ന അപേക്ഷയുമായെത്തിയപ്പോഴാണ് അഭിഭാഷകനോട് കോടതി രൂക്ഷമായി പ്രതികരിച്ചത്.
മുത്തലാഖ് അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക ഭരണഘടനാ ബെഞ്ചിന്റെ മുമ്പിലാണ് കര്‍ണന് മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി അഭിഭാഷകന്‍ എത്തിയത്. ഇന്നലെയും പ്രത്യേക ബെഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ കര്‍ണന് വേണ്ടി എത്തിയിരുന്നു.
എന്നാല്‍ മാപ്പപേക്ഷയുമായി കോടതിയുടെ സമയം കളഞ്ഞാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തു. പ്രസ്താവന നടത്തണമെങ്കില്‍ അത് മാധ്യമങ്ങളുടെ മുന്നില്‍ പോയി നടത്തിക്കൊള്ളൂവെന്നും കോടതി പറഞ്ഞു. കര്‍ണന് ശിക്ഷ വിധിച്ചത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഏഴംഗബെഞ്ചാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വേനലവധിക്കുശേഷം ചേരുന്ന ബെഞ്ചിന് മുന്നില്‍ പറയണം.
അന്ന് മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കുകയാണെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി കര്‍ണന്റെ അഭിഭാഷകനോട് പറഞ്ഞു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എത്തിയ അഭിഭാഷകനെ ഇനി ഇക്കാര്യം ആവര്‍ത്തിച്ച് കോടതിയില്‍ വരരുതെന്ന് താക്കീത് ചെയ്തിരുന്നു.
Post Your Comments